ലോക സ്ട്രോക്ക് ദിനാചരണം സംഘടിപ്പിച്ചു
ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിച്ച ലോക സ്ട്രോക്ക് ദിനാചരണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ എ എല്‍ ഉദ്ഘാടനം ചെയ്തു. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, അടിയന്തര ചികിത്സയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിലും ആരോഗ്യപ്രവര്‍ത്തകരിലും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണ സെമിനാര്‍, സി പി ആര് പരിശീലനം, ബോധവത്കരണ കലാമത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ ബി ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. എ ജാലിസ ബീവി സ്ട്രോക്ക് ബോധവത്കരണ സെമിനാറിന് നേതൃത്വം നല്കി. സ്ട്രോക്കിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത, സമയബന്ധിതമായി ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യം, രോഗസാധ്യത കുറയ്ക്കുന്നതിനുള്ള ജീവിതശൈലീ മാറ്റങ്ങള്‍ എന്നിവ സെമിനാറില്‍ വിശദീകരിച്ചു. ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ട്രെയിനിങ് ഹാളില്‍ നടന്ന സി പി ആര് പരിശീലനത്തിന് കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രവീണ കെ ജി നേതൃത്വം നല്കി. നഴ്സിങ് ഓഫീസര്‍മാര്‍, 108 ആംബുലന്‍സ് - ആരോഗ്യവകുപ്പ് ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നോര്‍ത്ത് സോണ്‍ പരിശീലനം നവംബര്‍ അഞ്ചിനും സൗത്ത് സോണ്‍ പരിശീലനം നവംബര്‍ 11 നും നടക്കും.
സ്ട്രോക്ക് പ്രതിരോധത്തെയും അടിയന്തര ചികിത്സയെയും കുറിച്ചുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഫ്ലാഷ് മോബും സ്കിറ്റ്, പോസ്റ്റര്‍ രചന മത്സരങ്ങളും സംഘടിപ്പിച്ചു. എന്‍ എസ് മെമ്മോറിയല്‍ നഴ്സിങ് കോളജ് സ്കിറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. പോസ്റ്റര്‍ രചന മത്സരത്തില്‍ കൊല്ലം സര്‍ക്കാര്‍ നഴ്സിങ് സ്കൂളിലെ സല്‍മ സാജിദ് ഒന്നാം സ്ഥാനവും പാലത്തറ എന്‍ എസ് മെമ്മോറിയല്‍ നഴ്സിങ് കോളേജിലെ നീതു മോഹന്‍ രണ്ടാം സ്ഥാനവും കൊല്ലം സര്‍ക്കാര്‍ നഴ്സിങ് സ്കൂളിലെ വൈഷ്ണവി എസ്, എന്‍ എസ് എം നഴ്സിങ് കോളേജിലെ മയൂഖ മോഹന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ജില്ലാ ആശുപത്രി ആര് എം ഒ ഡോ. സ്വാതി, കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. നമിത എസ് എസ്, ജില്ലാ നഴ്സിങ് ഓഫീസര്‍ രേണുക സി, ജില്ലാ നഴ്സിങ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സാലമ്മ, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ശ്രീകുമാര്‍ എസ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ ഷാലിമ റ്റി, അജിത്കുമാര്‍ ഡി, പി ആര് ഒ രശ്മി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments