Skip to main content
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ച "കണ്ണൂർ ബുക്ക് ഫെസ്റ്റ് 26" ന്റെ ഉദ്ഘാടനം മേയർ അഡ്വ പി ഇന്ദിര,വി ശിവദാസൻ എം പി,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു

ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം തുടങ്ങി

ജില്ലാ ലൈബ്രറി കൗണ്‍സിന്റെ നേതൃത്വത്തില്‍ നാലു ദിവസമായി നടക്കുന്ന കണ്ണൂര്‍ ബുക്ക് ഫെസ്റ്റ് 2026 ന് തുടക്കമായി. കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന 20 മത് പുസ്തകോത്സവം ഡോ. വി ശിവദാസന്‍ എം പി, മേയര്‍ അഡ്വ. പി ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.  

വായനശാലകള്‍ കക്ഷി രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ കടന്ന് എല്ലാവരെയും ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരിടമാകണമെന്ന് ഡോ. വി ശിവദാസന്‍ എം പി പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ  എല്ലാ വാര്‍ഡുകളിലും വായനശാലകള്‍ നടപ്പിലാക്കാനുള്ള മേയറുടെ പ്രഖ്യാപനത്തെ അദ്ദേഹം അഭിനന്ദിച്ചു.

രജിസ്റ്റര്‍ ചെയ്ത വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിനല്‍കും. വായനശാലയ്ക്ക് വേണ്ടി മികച്ച  പ്രവര്‍ത്തനം നടത്തുന്ന  തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ നല്‍കുമെന്നും എം പി അറിയിച്ചു.
ആരിപ്പുഴ എ പി ജെ അബ്ദുള്‍ കാലം വായനശാലയ്ക്ക് പുസ്തകങ്ങള്‍ കൈമാറിക്കൊണ്ട് മേയര്‍ അഡ്വ. പി ഇന്ദിര ആദ്യ വില്പന നടത്തി. പ്രൊഫ. മുഹമ്മദ് അഹമ്മദ് 'അക്ഷരം' ത്രൈമാസിക പ്രകാശനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളുടെ 'വയലാറിന്റെ താടക' എന്ന നൃത്ത ശില്പം അരങ്ങേറി.
നവംബര്‍ ഒന്ന് വരെയാണ് പുസ്തകോത്സവം നടക്കുന്നത്. 160 സ്റ്റാളുകളിലായി 3 കോടി രൂപയുടെ പുസ്തകങ്ങളാണ് വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്.

പുസ്തകോത്സവത്തിന്റെ രണ്ടാംദിനത്തില്‍ പുസ്തക പ്രകാശനങ്ങള്‍, സുകുമാര്‍ അഴീക്കോട് - ഐ വി ദാസ് അനുസ്മരണങ്ങള്‍, യോഗ ഡാന്‍സ് എന്നിവ നടക്കും. ശനിയാഴ്ച പുസ്തക പ്രകാശനങ്ങള്‍, കുട്ടിക്കൂട്ടം കയ്യെഴുത്ത് മാസിക ശില്പശാല, എം മുകുന്ദന് ആദരമായി 'മുകുന്ദമാനസം', എന്നീ പരിപാടികളും അവസാന ദിവസമായ ഞായര്‍ മലയാളിയുടെ മാതൃഭൂമിക്ക് എഴുപതാണ്ട് - എന്ന വിഷയത്തില്‍ സെമിനാറും  സമാപന സമ്മേളനവും നടക്കും.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍, പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം കെ രമേഷ് കുമാര്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഇ ബീന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, പ്രസ്സ് ക്ലബ് പ്രസിഡന്റ് സി സുനില്‍കുമാര്‍, ലൈബ്രേറിയന്‍സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് യു കെ ശിവകുമാരി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം വി വി റീത്ത, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്മാരായ പവിത്രന്‍ മൊകേരി, ടി വേണുഗോപാല്‍, എം ബിജു, കെ ദാമോദരന്‍ മാസ്റ്റര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി രാജേഷ് മാത്യു എന്നിവര്‍ സംസാരിച്ചു.
 

date