ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം
*ശിലാസ്ഥാപനം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു
ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉമാ തോമസ് എം.എൽ.എ നിർവഹിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
അതോടൊപ്പം വെണ്ണല പാറ നിവാസികളായ അഞ്ച് പേർക്ക് പട്ടയവും വിതരണം ചെയ്തു.
ചടങ്ങിൽ ഹൈബി ഈഡൻ എം.പി അധ്യക്ഷനായി. പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ വില്ലേജ് ഓഫീസുകളിൽ ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് എം.പി പറഞ്ഞു.
പ്ലാൻ ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസ് കെട്ടിടം പുനർനിർമ്മിക്കുന്നത്. വിശാലമായ വെയിറ്റിംഗ് ഏരിയ, ഉദ്യോഗസ്ഥർക്കുള്ള സൗകര്യങ്ങൾ, ടോയ്ലെറ്റ് ബ്ലോക്ക്, ഫയൽ സൂക്ഷിപ്പ് മുറികൾ എന്നിവയടക്കം എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോട് കൂടിയാണ് കെട്ടിടം നിർമ്മിക്കുന്നത്.കെട്ടിട നിർമ്മാണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. വെണ്ണല പ്പാറ നിവാസികളായ അഞ്ച് കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു.
ചടങ്ങിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക, അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, കൗൺസിലർമാരായ ഷിബി സോമൻ, സാബു കൊറോത്ത്, പി എം നസീമ, ബിന്ദു വിജു, കെ എ വിജയകുമാർ, സിനി ആനന്ദ്, സീന ഗോകുലൻ മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കണയന്നൂർ തഹസീൽദാർ പ്രീത എൻ. ജോസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments