ഭിന്നശേഷി കലാപ്രതിഭകൾക്ക് അവസരം
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ റിഥം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ തല ആർട്ട് ട്രൂപ്പുകൾ രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരായ ഭിന്നശേഷിക്കാരായ കലാകാരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
സംഗീതം, നൃത്തം, പെർഫോമിംഗ് ആർട്സ്, വാദ്യോപകരണ സംഗീതം തുടങ്ങിയ കലാമേഖലകളിൽ കഴിവുള്ള 45 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
ഭിന്നശേഷി തെളിയിക്കുന്നതിനായി യുണീക് ഡിസെബിലിറ്റി ഐഡന്റിറ്റി കാർഡ് (UDID) അല്ലെങ്കിൽ മെഡിക്കൽ ബോർഡ് നൽകുന്ന കുറഞ്ഞത് 40 ശതമാനം ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ആദ്യഘട്ടത്തിൽ അപേക്ഷയോടൊപ്പം അഞ്ച് മിനിറ്റിൽ കവിയാത്ത കലാപ്രകടനത്തിന്റെ വീഡിയോ സമർപ്പിക്കണം. ഇതിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ നേരിട്ടുള്ള സ്ക്രീനിങ്ങിൽ പങ്കെടുക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ സർക്കാർ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. ട്രൂപ്പിന്റെ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനവും കലാപ്രതിഭകൾക്ക് ലഭ്യമാക്കും.
അപേക്ഷയും അനുബന്ധ രേഖകളും കലാപ്രകടനത്തിന്റെ വീഡിയോയും 2026 നവംബർ 7-നകം dcekmsid@gmail.com എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 75938 78158.
- Log in to post comments