ചെല്ലാനം കടൽഭിത്തി നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി മോൻസ് ജോസഫ്
•കടലാക്രമണത്തിൽനിന്ന് ചെല്ലാനം തീരദേശത്തെ സംരക്ഷിക്കുന്നതിനുള്ള 464 കോടി രൂപയുടെ രണ്ടാംഘട്ട തീരസംരക്ഷണ പദ്ധതിയുടെ നിർമാണോദ്ഘാടനം ജലവിഭവ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
ചെല്ലാനം കടൽഭിത്തി നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും നിർമാണത്തിൽ അഴിമതിയോ അനാസ്ഥയോ അനുവദിക്കില്ലെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ചെല്ലാനത്തെ കടലാക്രമണ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നടപ്പാക്കുന്ന കടൽഭിത്തി നിർമാണത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരദേശ ജനതയുടെ ദീർഘകാല ദുരിതത്തിന് ശാശ്വത പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും പ്രവർത്തനം നിരീക്ഷിച്ച് നിർമാണം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ വിവിധ ജില്ലകളിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ പരിശോധിച്ച് സമയബന്ധിതമായി പരിഹാരം കാണാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ചെല്ലാനം പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിലെ പ്രധാന പ്രശ്നങ്ങളായ ചെല്ലാനത്തെ കടലാക്രമണവും കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമവും പരിഹരിക്കുന്നതിന് സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്.
ചെല്ലാനം പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നതിനുള്ള നടപടികളിൽ നേരിട്ട തടസ്സങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ഇടപെടലുകൾ നിർണായകമായെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ നിർമാണം പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ചെല്ലാനത്തിന്റെ ദീർഘകാല സ്വപ്നം: വി.ഇ. അബ്ദുൽ ഗഫൂർ
ചെല്ലാനം നിവാസികൾ പതിറ്റാണ്ടുകളായി നേരിടുന്ന കടലാക്രമണ ദുരിതത്തിന് പരിഹാരം കാണുന്ന പദ്ധതിയുടെ തുടക്കമാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു. മഴക്കാലത്ത് ചെല്ലാനത്തെ വീടുകളിൽ കടൽവെള്ളം കയറുന്ന വാർത്തകൾ പതിവായി കേൾക്കേണ്ടിവന്നിരുന്ന സാഹചര്യം അദ്ദേഹം അനുസ്മരിച്ചു. പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു കടലാക്രമണം തടയുന്നതിനുള്ള ശാശ്വത പരിഹാരം. അതിനുള്ള വലിയൊരു ചുവടുവയ്പ്പാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെല്ലാനത്ത് എത്തിയപ്പോൾ ജനങ്ങൾ പ്രധാനമായും ഉന്നയിച്ച ആവശ്യവും കടൽഭിത്തി നിർമാണമായിരുന്നു. പദ്ധതിക്കായി വർഷങ്ങളായി പ്രവർത്തിക്കുകയും സമരങ്ങൾ നടത്തുകയും വിവിധ ഓഫീസുകൾ കയറിയിറങ്ങുകയും ചെയ്ത ജനങ്ങളെയും സംഘടനകളെയും സഭാ നേതൃത്വങ്ങളെയും അദ്ദേഹം അനുസ്മരിച്ചു.
പശ്ചിമകൊച്ചിയുടെ ദുരിതത്തിന് പരിഹാരം കാണും : റോജി എം. ജോൺ
പശ്ചിമകൊച്ചിയിലെ കടലാക്രമണ ദുരിതത്തിന് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയുള്ള ദീർഘവീക്ഷണമുള്ള പദ്ധതിക്കാണ് തുടക്കമായതെന്ന് റോജി എം. ജോൺ പറഞ്ഞു. മഴക്കാലത്ത് വീടുകളിൽ കടൽവെള്ളം കയറി ജനങ്ങൾ ദുരിതത്തിലായപ്പോൾ പ്രദേശം സന്ദർശിച്ച് പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയിരുന്നു. അന്ന് ജനങ്ങൾ പ്രധാനമായും ആവശ്യപ്പെട്ടത് ദുരിതത്തിന് ശാശ്വത പരിഹാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടെട്രാപോഡ് ഉപയോഗിച്ചുള്ള രണ്ടാംഘട്ട നിർമാണം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നടപടിയല്ലെന്നും തീരദേശ ജനതയുടെ പ്രശ്നത്തിന് പരിഹാരം കാണാനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
രണ്ടാംഘട്ടത്തിൽ 6.1 കിലോമീറ്റർ ദൂരത്തിൽ ടെട്രാപോഡ് സംരക്ഷണത്തോടെയുള്ള കടൽഭിത്തി പുനർനിർമിക്കും. കേടുപാടുകൾ സംഭവിച്ച കടൽഭിത്തികളുടെ പുനർനിർമാണം, ബസാർ പുലിമുട്ട് പ്രവൃത്തികൾ, ആർ.സി.സി. നടപ്പാത, അനുബന്ധ സിവിൽ പ്രവൃത്തികൾ, യൂട്ടിലിറ്റികൾ മാറ്റിസ്ഥാപിക്കൽ, വൈദ്യുതീകരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
മന്ത്രിമാരായ വി.ഇ. അബ്ദുൽ ഗഫൂർ, റോജി എം. ജോൺ, അനൂപ് ജേക്കബ്, എംഎൽഎ മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എംപി, മുൻ എംഎൽഎ ഡൊമിനിക് പ്രസന്റേഷൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments