ഉപയോഗമില്ലാത്തവയ്ക്ക് പുതുജീവൻ; മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ സ്വാപ് ഷോപ്പ് ആരംഭിച്ചു
മാലിന്യമുക്തമായ സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന സ്വാപ് ഷോപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് നിർവഹിച്ചു.
നിർമ്മലം- പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിൽ സ്വാപ് ഷോപ്പ് ആരംഭിക്കുന്നത്. ചെറിയ കേടുപാടുകൾ സംഭവിച്ചതും ഉപയോഗിക്കാത്തതുമായ നിരവധി വസ്തുക്കൾ വീടുകളിൽ കുമിഞ്ഞു കൂടുകയോ മാലിന്യമായി പുറന്തള്ളപ്പെടുകയോ ചെയ്യുന്നുണ്ട്. അതിൽ ഒരാൾക്ക് ആവശ്യമില്ലാത്ത വസ്തു മറ്റൊരാൾക്ക് പ്രയോജനകരമായിരിക്കാം. ഇത്തരം വസ്തുക്കൾ പരസ്പരം കൈമാറുന്നതിനും അവയ്ക്ക് പുതിയ ഉപയോക്താക്കളെ കണ്ടെത്തുന്നതിനുമാണ് പരിസ്ഥിതി സൗഹൃദ സംരംഭമായ സ്വാപ് ഷോപ്പ് അവസരമൊരുക്കുന്നത്.
വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം കുറയ്ക്കുകയും മാലിന്യത്തിന്റെ അളവ് നിയന്ത്രിക്കുകയുമാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായ ഈ സംരംഭം ജനപങ്കാളിത്തത്തോടെ മുന്നോട്ടുകൊണ്ടുപോകാനാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കാതെ കിടക്കുന്ന ഉപയോഗയോഗ്യമായ സാധനങ്ങൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ കൈമാറാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്നും ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോയൽ കെ. ജോയ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഒ. എ. മണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ, മറ്റു ജനപ്രതിനിധികൾ, ഹെൽത്ത് ഇൻസ്പെക്ടർ വിജേഷ്, വാർഡ് ക്ലർക്ക് ജ്യോതി സാഗർ, ഹരിതകർമ്മസേന സെക്രട്ടറി പ്രീതി സുകുമാരൻ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
- Log in to post comments