Skip to main content

ഇടമലക്കുടിയിലെ വീടുകളുടെ നിര്‍മ്മാണം: അന്വേഷണത്തിന് സമിതി

ഇടമലക്കുടിയില്‍ ഇനിയും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്ത വീടുകളുടേയും അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള വീടുകളുടെയും സ്ഥിതിവിവര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാന്‍  ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു.ഫിനാന്‍സ് ഓഫീസര്‍, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പട്ടികവര്‍ഗ വികസന വകുപ്പ് പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് വിദഗ്ധ സമിതി. സമിതി സ്ഥലം സന്ദര്‍ശിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ലാ വികസനസമിതിയോഗം നിര്‍ദ്ദേശിച്ചു.

 2023 ല്‍ പട്ടികവികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് വനം വകുപ്പാണ് ഇവിടെ വീടുകള്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ വികസന യോഗത്തില്‍ തീരുമാനിച്ചിരുന്നു.  12 വീടുകള്‍ അറ്റകുറ്റപ്പണി നടത്തണമെന്നും 30 വീടുകള്‍ പുനര്‍നിര്‍മ്മിക്കണമെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍ . 30 വീടുകളുടെ ഫൗണ്ടേഷന്‍ ജോലികള്‍ മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ എന്നും ഇതും ഉപയോഗശൂന്യമായ നിലയിലാണെന്നും സാങ്കേതിക സമിതി കണ്ടെത്തിയ സാഹചര്യത്തിലാണ് വിവരങ്ങള്‍ വിലയിരുത്താന്‍ വിദഗ്ധസമിതിയെ നിയോഗിച്ചത്.

ഇടമലക്കുടിയിലെ പെട്ടിമുടി-ഇഡലിപ്പാറ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കരാറുകാരനെ നീക്കാനുള്ള  അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ഇതിനായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ഇതേ കരാറുകാരന്‍ വിവിധ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത സാഹചര്യമുണ്ടെന്ന് യോഗം വിലയിരുത്തി. ഇടമലക്കുടിയില്‍ 1.3 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണമാണ് പൂര്‍ത്തീകരിക്കാനുള്ളത്. റോഡ് നിര്‍മ്മാണം സംബന്ധിച്ച് സൂപ്രണ്ടിംഗ് എന്‍ജിനീയറോട് വിശദീകരണം തേടാനും യോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ ഭൂമി ജനോപകാരപ്രദമാകണം

ജില്ലയില്‍ വിവിധയിടങ്ങളില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന സര്‍ക്കാര്‍ ഭൂമികളും കെട്ടിടങ്ങളും ജനോപകാരപ്രദമായ പദ്ധതികള്‍ നടത്തുന്നതിനായി വിനിയോഗക്കണമെന്ന് യോഗം വിലയിരുത്തി. ഇതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഓഫീസുകളുടെയും കൈവശമുള്ള ഭൂമിയുടെയും കെട്ടിടങ്ങളുടെയും കണക്കെടുക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താമസസൗകര്യം

ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായി താമസിക്കാന്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു ചുറ്റും ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സമഗ്ര നയം തയാറാക്കാന്‍ യോഗം തീരുമാനിച്ചു. നിലവിലുള്ള ക്വാട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും നടപടി സ്വീകരിക്കും. ഇതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പൊതുമരാമത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്നിവരടങ്ങിയ സമിതി നടപടി സ്വീകരിക്കും.

നിര്‍മ്മാണ സാമഗ്രികളുടെ കുറവ് പരിഹരിക്കും

ജില്ലയില്‍ പാറ, മണല്‍, എംസാന്‍ഡ് പോലുള്ള നിര്‍മ്മാണ സാമഗ്രികളുടെ കുറവ് പരിഹരിക്കുന്നതിന് പുതിയ ക്വാറികള്‍ അടിയന്തരമായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. ക്വാറി അനുവദിക്കുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.

എംഎല്‍എമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ, എഡിഎം കെ. സുനില്‍കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണ്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date