Skip to main content

ഭിന്നശേഷി കലാപ്രതിഭകൾക്കായി ജില്ലാതല ആർട്ട് ട്രൂപ്പ് രൂപീകരിക്കുന്നു

സാമൂഹ്യനീതി വകുപ്പിന്റെയും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന റിഥം  പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി ജില്ലാതല ആർട്ട് ട്രൂപ്പ് രൂപീകരിക്കുന്നു. സംഗീതം, നൃത്തം, പെർഫോമിങ് ആർട്സ്, വാദ്യോപകരണ സംഗീതം തുടങ്ങിയ മേഖലകളിൽ കഴിവുള്ള 45 വയസ്സിൽ താഴെയുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം.

രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ അപേക്ഷയോടൊപ്പം അഞ്ച് മിനിറ്റിൽ കവിയാത്ത കലാപ്രകടനത്തിന്റെ വീഡിയോ സമർപ്പിക്കണം. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ നേരിട്ടുള്ള സ്ക്രീനിങ്ങിൽ പങ്കെടുക്കാം. അപേക്ഷയോടൊപ്പം യു ഡി ഐ ഡി കാർഡ് അല്ലെങ്കിൽ മെഡിക്കൽ ബോർഡ് നൽകുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ സർക്കാർ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ട്രൂപ്പിന്റെ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനവും കലാപ്രതിഭകൾക്ക് ലഭ്യമാക്കും. അപേക്ഷകൾ നവംബർ 7നകം സമർപ്പിക്കണം. അപേക്ഷാ ഫോം www.socialsecuritymission.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും വീഡിയോയും dctvmsid@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് : 7593878153

date