'ക്യാമ്പസ് ടു ബൂത്ത്' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി
#ഒരാഴ്ച നീളുന്ന പ്രത്യേക വോട്ടർ പട്ടിക എൻറോൾമെന്റ് ഡ്രൈവ്#
#പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ ജില്ലാതല ഉദ്ഘാടനം നടന്നു#
യുവാക്കളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ക്യാമ്പസ് ടു ബൂത്ത് – സ്റ്റെപ്പ് ഫോർവേഡ്, ഗെറ്റ് കൗണ്ടഡ്' പ്രത്യേക വോട്ടർ എൻറോൾമെന്റ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ചീഫ് ഇലക്ടറൽ ഓഫീസർ, കേരളത്തിന്റെ നിർദ്ദേശപ്രകാരം നവംബർ 2 മുതൽ ഒരാഴ്ച സംസ്ഥാനത്തെ കോളേജുകളിലും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെ (ഇ.എൽ.സി.) ആഭിമുഖ്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബർ 2ന് ) പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേശ് നിർവഹിച്ചു.
ഹയർ സെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന 18 വയസ്സ് പൂർത്തിയായതും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അർഹതയുള്ളതുമായ വിദ്യാർഥികളെ ഉൾപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നവംബർ 2 മുതൽ ഒരാഴ്ച നീളുന്ന പ്രത്യേക വോട്ടർ എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ഫോം 6 മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 17 വയസ് പൂർത്തിയായവർക്കും 18 വയസ് തികയുന്ന മുറയ്ക്ക് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി മുൻകൂറായി അപേക്ഷ സമർപ്പിക്കാം.
ജനാധിപത്യത്തിന്റെ അടിത്തറ ഓരോ പൗരന്റെയും വിലപ്പെട്ട വോട്ടാണെന്നും പരമാവധി യുവാക്കളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി പരമാവധി എൻറോൾമെന്റ് ലക്ഷ്യം കൈവരിക്കണമെന്നും അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേശ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർഥികൾ ക്യാമ്പയിനിൽ സജീവമായി പങ്കാളികളാകണമെന്നും അധ്യാപകർ, ബൂത്ത് ലെവൽ ഓഫീസർമാർ, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവരുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ ആവശ്യമായ സഹായസംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് കളക്ടർ അറിയിച്ചു.
രാജ്യത്തിന്റെ പുരോഗതിക്ക് മികച്ച ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതിൽ യുവാക്കളുടെ പങ്കാളിത്തം നിർണായകമാണെന്നും വിവേകപൂർവമായ തിരഞ്ഞെടുപ്പിന് വിദ്യാർഥികൾ സജ്ജരാകണമെന്നും ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ബിന്ദു പി.ജി. പറഞ്ഞു. 'സ്റ്റെപ്പ് ഫോർവേഡ്, ഗെറ്റ് കൗണ്ടഡ്' എന്നതാണ് ക്യാമ്പയിന്റെ സന്ദേശം. 'ഫോം 6' മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും അവർ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി.
അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തിൽ ഏതാനും വിദ്യാർഥികളുടെ വോട്ടർ രജിസ്ട്രേഷൻ നടപടികൾ ചടങ്ങിൽത്തന്നെ പൂർത്തിയാക്കി. 17 വയസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് മുൻകൂട്ടി അപേക്ഷ സമർപ്പിക്കാനും 18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനുമായി പട്ടം ഗേൾസ് എച്ച്.എസ്.എസിൽ പ്രത്യേക വോട്ടർ രജിസ്ട്രേഷൻ സെന്ററും സജ്ജീകരിച്ചു. കേന്ദ്രത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി അർഹരായ വിദ്യാർഥികൾക്ക് ഫോം 6 വിതരണം ചെയ്തു. ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കേണ്ട രീതി വിശദീകരിക്കുന്ന പ്രായോഗിക ഡെമോൺസ്ട്രേഷനും നടത്തി.
ചടങ്ങിൽ ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം പ്രിൻസിപ്പൽ കെ. ലൈലാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ സജീവ് കുമാർ, ഇ.എൽ.സി. ക്ലബ് ജില്ലാ കോർഡിനേറ്റർ ലിജിൻ, സ്കൂൾ പി.ടി.എ. വൈസ് പ്രസിഡന്റ് ശിവപ്രസാദ്, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments