മാതൃഭാഷയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് മലയാളദിന- ഭരണഭാഷാവാരാഘോഷ സാധാരണക്കാരന് മനസ്സിലാകുന്നതാവണം ഭരണഭാഷ-റോയി കെ. പൗലോസ് എംഎല്‍എ
കോടതി വ്യവഹാരങ്ങളിലുള്പ്പെടെ സാധാരണക്കാരന് മനസ്സിലാകുന്നതാവണം ഭരണഭാഷയെന്ന് റോയി കെ. പൗലോസ് എംഎല്‍എ പറഞ്ഞു. ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ മലയാളദിന- ഭരണഭാഷാവാരാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളപിറവിയുടെ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ മലയാളഭാഷയുടെ വൈവിധ്യം തിരിച്ചറിയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിലെ മലയാളഭാഷയുടെ വ്യത്യസ്തതകള്‍ നാം മനസ്സിലാക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതാണ്. ആദ്യകാലങ്ങളില്‍ നിന്ന് ഇന്ന് ഭാഷ ഏറെ വളര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുജനങ്ങളോട് ഇടപെടുമ്പോഴും ഫയലുകള്‍ എഴുതുമ്പോഴും ഭാഷ വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും മലയാളികള്‍ ജീവിക്കുന്ന സാഹചര്യത്തില്‍ മലയാളഭാഷയെ ലോക ഭാഷയായി കാണണമെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരന് അജയ് പി. മങ്ങാട്ട് പറഞ്ഞു.നമ്മുടെ ഭാഷയിലെ പദസമ്പത്ത് മനസ്സിലാക്കുന്നതിന് മറ്റൊരു ഭാഷ പഠിക്കേണ്ടത് അനിവാര്യമാണെന്നും മറ്റൊരു ഭാഷയുമായുള്ള സമ്പര്‍ക്കത്തിലൂടെ നമ്മുടെ ഭാഷയുടെ ശ്രേഷ്ഠത മനസ്സിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ. സുനില്‍കുമാര്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഓഫീസര്‍ ടി.എസ്. സതികുമാര്്,ശാന്തന്‍പാറ ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് അധ്യാപിക ഡോ. സി.എസ്. അനില,സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം. അബ്ദുള്‍ കരീം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ എം.എന്‍. സുനില്‍കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. ശ്രീജിത്ത്, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. മലയാള ദിനത്തിന്റെ ഭാഗമായി കളക്ടറേറ്റിലെ ജീവനക്കാര്‍ ചേര്‍ന്ന് കേരളഗാനം ആലപിച്ചു. ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞയും എടുത്തു.
പരിപാടിയുടെ ഭാഗമായി വൈകീട്ട് ചെറുതോണി ടൗണില്‍ പൈനാവ് ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ്മോബും നടന്നു.
മലയാളദിന- ഭരണഭാഷാവാരാഘോഷത്തിന്റെ സമാപനം നവംബര്‍ ആറിന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
- Log in to post comments