മനസ്സിലുള്ള കാര്യങ്ങൾ ഏറ്റവും നന്നായി സംസാരിക്കാൻ കഴിയുന്നത് മാതൃഭാഷയായ മലയാളത്തിൽ: ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ
മനസ്സിലുള്ള കാര്യങ്ങൾ ഏറ്റവും നന്നായി സംസാരിക്കാൻ കഴിയുന്നത് മാതൃഭാഷയായ മലയാളത്തിൽ തന്നെയാണെന്നും ഇതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ മോഡൽ ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച മലയാളദിനാചരണം, ഭരണഭാഷാ വാരാഘോഷം 2026-ന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയിരുന്നു ജില്ലാ കളക്ടർ. നമ്മുടെ ഭാഷ വളർന്നു വരേണ്ടത് ജീവിക്കുന്ന മനുഷ്യരിലൂടെയാണ് മലയാളത്തിന്റെ മക്കളിലൂടെയാണെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.
താൻ പഠിച്ചത് സിവിൽ എൻജിനീയറിങ് ആണെങ്കിലും സിവിൽ സർവീസ് പരീക്ഷ എഴുതുമ്പോൾ തൻ്റെ ഐച്ഛിക വിഷയം മലയാളം ആയിരുന്നു എന്നും തനിക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ഭാഷ കൂടിയാണ് മലയാളം എന്നും. തന്റെ റാങ്ക് നിശ്ചയിച്ചതിൽ മലയാളത്തിൽ ലഭിച്ച മാർക്കാണ് നിർണായകമായതെന്നും ജില്ലാ കളക്ടർ പറഞ്ഞു. മലയാള ഭാഷയോടുള്ള ഇഷ്ടം കൊണ്ടാണ് താൻ മലയാളം ഐച്ഛിക വിഷയമായി എടുത്തത് എന്നും ക്ലാസുകളിൽ താൻ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ടുള്ളത് മലയാളം ക്ലാസ്സുകളിലായിരിക്കും, ഒത്തിരി കഥകളും കവിതകളും പഠിക്കാനും നമ്മളെ ഒത്തിരി ചിന്തിപ്പിക്കാനും ശേഷിയുള്ള ഒന്നായിരുന്നു തനിക്ക് മലയാളം ക്ലാസുകളെന്നും ജില്ലാ കളക്ടർ ഓർമ്മകൾ പങ്ക് വെച്ചു.
മലയാളം ശ്രേഷ്ഠഭാഷ എന്ന പുരസ്കാരത്തിന് അപ്പുറത്തേക്ക് നമ്മുടെ കാലഘട്ടത്തിന് അതിന്റെ പ്രസക്തി മനസ്സിലാക്കി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണമെന്നും മലയാള ഭാഷ മാത്രം സംസാരിക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തിൽ പ്രായോഗികമല്ല എന്നത് ഉള്ളിൽ വെച്ചുകൊണ്ട് മലയാള ഭാഷയെ കൂടുതൽഅറിയാനും കൂടുതൽ അതിനെക്കുറിച്ച് വായിക്കാനും സാധിക്കണമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.
- Log in to post comments