Skip to main content

വരയിലെ വേഗതയും മാതൃഭാഷാ സ്‌നേഹവും ചേർത്ത് തത്സമയ ചിത്രരചന: വിസ്മയമായി ചന്ദ്രപ്രശാന്ത്

 

 

 

മാതൃഭാഷയോടുള്ള പ്രണയവും വരകളിലെ മാസ്മരിക വേഗതയും ഒത്തുചേർന്നപ്പോൾ തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂൾ വേദി സാക്ഷ്യം വഹിച്ചത് അത്യപൂർവ്വമായൊരു കലാവിരുന്നിന്. ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന്റെയും മലയാള ദിനാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടന വേദിയിലാണ് തത്സമയ ചിത്രകാരനായ ചന്ദ്രപ്രശാന്ത് തന്റെ ക്യാൻവാസിലൂടെ സദസ്സിനെ വിസ്മയിപ്പിച്ചത്. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'എന്റെ മലയാളം' പാട്ടും വരയും' പരിപാടിയിൽ സദസ്സിനെ സാക്ഷിനിർത്തി തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ കാരിക്കേച്ചറും മാതൃഭാഷാ സന്ദേശം വിളിച്ചോതുന്ന കാവ്യാത്മകമായ ചിത്രവുമാണ് അദ്ദേഹം തത്സമയം വരച്ചു തീർത്തത്. 

 

എറണാകുളം സ്വദേശിയായ ചന്ദ്രപ്രശാന്ത്, ഔപചാരികമായി ഡ്രോയിങ് പഠിച്ചിട്ടില്ലെങ്കിലും ചെറുപ്പം മുതലേ  വരയ്ക്കാനുള്ള അത്യപൂർവ്വ കഴിവ് കണ്ടറിഞ്ഞ് തന്റെ അഭിരുചിയെത്തന്നെ പ്രൊഫഷനാക്കി മാറ്റുകയായിരുന്നു.  തത്സമയ കാരിക്കേച്ചർ ,ലൈവ് ഡ്രോയിങ്, ലൈവ് ഇവന്റ് പെയിന്റിംഗ്, തത്സമയ പോർട്രെയ്റ്റ് ചിത്രരചന എന്നിവയിൽ തനതായ ശൈലി കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം  കേരള ചിത്രകല പരിഷത്ത് അംഗവും  അർബൻ സ്കെച്ചസ് കൊച്ചി ചാപ്റ്റർലെ  സജീവ പ്രവർത്തകനുമാണ്. പ്രധാന കൊച്ചിൻ റിസോർട്ടുകളിലും കോർപ്പറേറ്റ് ഇവന്റുകളിലും ലൈവ് ആർട്ടിസ്റ്റായി രണ്ടു പതിറ്റാണ്ടിലേറെയായി ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു.

 

ഭരണഭാഷാ വാരാഘോഷ ചടങ്ങിൽ മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും അക്ഷരത്തെറ്റുകൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തത്സമയ ചിത്രരചന കാണാനും ആസ്വദിക്കാനും പങ്കെടുത്ത മുഴുവൻ കാണികൾക്കും നന്ദി അറിയിച്ച അദ്ദേഹം, മാതൃഭാഷയെയും സംസ്‌കാരത്തെയും സ്നേഹിക്കണമെന്ന സന്ദേശത്തോടെയാണ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. ഭാര്യ മഞ്ജുഷയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ഋഷികേശും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

 

എന്റെ മലയാളം  വിഷയമാക്കി തത്സമയ ചിത്രകാരൻ ചന്ദ്രപ്രശാന്തിന്റെ തത്സമയ ചിത്രരചനയും ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ പി. എച്ച് ഹസ്മിയ, എസ് ഇവാനിയ, എബിന ബിജോയ്, ശ്രേയ ദാസ്, എയ്ഞ്ചൽ മരിയ, എന്നിവരുടെ ഗാനാലാപനവും ചടങ്ങിന്റെ മാറ്റ് കൂട്ടി. ജില്ലാ കളക്ടർക്ക് സമ്മാനമായി കാരിക്കേച്ചർ വരച്ച് നൽകിയതും ആകർഷകമായി. 

 

ഗവ. മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അധ്യാപക വിദ്യാർഥികളെയും സർവീസിൽ നിന്നും വിരമിക്കുന്ന ഹിന്ദി അധ്യാപിക ടി. ടി സുനിലയേയും ജില്ലാ കളക്ടർ  ആദരിച്ചു. 

 

ഐ & പി.ആർ.ഡി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സി. അജോയ് അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എം. സന്ദീപ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ, ഹുസൂർ ശിരസ്തേദാർ പി. ആർ. അനൂപ് ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ഡോ. കെ.പി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

date