Skip to main content

*ഭരണഭാഷാ വാരാഘോഷം സംഘടിപ്പിച്ചു*

 

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ഭരണഭാഷാ വാരാഘോഷം തൃശ്ശൂർ ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ, താലൂക്ക് തല ജീവനക്കാർ അണിനിരന്ന അക്ഷരമാലാ ജാഥ സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്നു. ആസൂത്രണ ഭവൻ ഹാളിൽ ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ യുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ജില്ലാ ഓഫീസർ സൈജോ ചാലിശ്ശേരി , അഡീഷണൽ ജില്ലാ ഓഫീസർ എം. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഓഫീസിലെ റിസർച്ച് ഓഫീസർ ഇ.എസ്. അമൃത ചടങ്ങിൽ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

'മലയാള സാഹിത്യവും ഭരണഭാഷയും' എന്ന വിഷയത്തിൽ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഓഡിറ്റ് ഓഫീസർ റാഷി മക്കാർ സെമിനാർ അവതരിപ്പിച്ചു. ഭരണകാര്യങ്ങളിൽ സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ മലയാളം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഭാഷയുടെ വികാസപരിണാമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് ഇതേ വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജില്ലാ ഓഫീസിലെ കെ.കെ.ഹരി, റസിയ കെ.കെ. രണ്ടാം സ്ഥാനം നേടിയ ചാവക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ കെ.എ.ബൈജു, ആർ.രമേശ് കുമാർ, മൂന്നാം സ്ഥാനം നേടിയ കൊടുങ്ങല്ലൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ വി.ആർ.മനേഷ്, എം.എസ്.ഹിബത്ത് എന്നിവർക്കുള്ള പ്രശസ്തിപത്രവും മെഡലുകളും വിതരണം ചെയ്തു. 

 

പരിപാടിയുടെ ഭാഗമായി ജില്ലാ, താലൂക്ക് തല ജീവനക്കാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മുകുന്ദപുരം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ സുധീഷിന്റെ നേതൃത്വത്തിൽ 'ബിരിയാണി' എന്ന ചെറുകഥയെ ആസ്പദമാക്കി നാടകം അവതരിപ്പിച്ചു. തൃശ്ശൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ ടി.എസ്. രേഷ്മ 'തപോമയിയുടെ അച്ഛൻ' എന്ന പുസ്തകത്തിന്റെ നിരൂപണം നടത്തുകയും കൊടുങ്ങല്ലൂർ താലൂക്കിലെ പി.വി.വിദ്യാലക്ഷ്മി 'കാട്ടുപൂവ്' എന്ന കവിത ആലപിക്കുകയും ചെയ്തു.

 

ചാവക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ മുൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്ററായിരുന്ന കൃഷ്ണദാസനെ ചടങ്ങിൽ അനുസ്മരിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ജില്ലാ ഓഫീസിലെയും തൃശ്ശൂർ, തലപ്പിള്ളി, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസുകളിലെയും സിവിൽ സ്റ്റേഷനിലെ വിവിധ ലൈൻ വകുപ്പുകളിലെയും ജീവനക്കാർ വാരാഘോഷ പരിപാടിയിൽ പങ്കെടുത്തു.

date