Skip to main content

നയരൂപീകരണ സമിതികളിൽ സ്ത്രീ പ്രാധാന്യം വേണം: ഡെപ്യൂട്ടി സ്പീക്കർ  ഷാനിമോൾ ഉസ്മാൻ

മകൾക്കൊപ്പം; പുതുയുഗ വനിതാനയം ഹെർ സമ്മിറ്റ് 2026 സമാപിച്ചു.

സംസ്ഥാന തലം മുതൽ പഞ്ചായത്ത് തലം വരെയുള്ള നയരൂപീകരണ സമിതികളിൽ സ്ത്രീകൾക്ക് 50% പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ  ഷാനിമോൾ ഉസ്മാൻ. മകൾക്കൊപ്പം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച  പുതുയുഗ വനിതാനയം ഹെർ സമ്മിറ്റ് 2026 ന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.

സ്ത്രീകൾക്കെതിരായ കേസുകളിൽ വർഷങ്ങളോളം വിധി നീണ്ടുപോകാതെ എത്രയും പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിനായി പ്രത്യേക സംവിധാനം  ഉണ്ടാകണം. നിയമ സാക്ഷരതയ്ക്ക് പുറമേ ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ ഡിജിറ്റൽ സാക്ഷരതയും സ്ത്രീകൾക്ക് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ മുൻ വനിത അധ്യക്ഷരെ ഉൾപ്പെടുത്തി കക്ഷിരാഷ്ട്രീയത്തിന് അതീതമായി കൂട്ടായ്മ വിളിച്ചുചേർക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ നിർദ്ദേശിച്ചു.

യൂത്ത് ജെൻ സി കോൺക്ലേവ് സംഘടിപ്പിക്കും:മന്ത്രി ബിന്ദു കൃഷ്ണ

കോളേജ് വിദ്യാർഥിനികളെയും തിരഞ്ഞെടുക്കപ്പെട്ട യുവജന നേതാക്കളെയും ഉൾപ്പെടുത്തി പ്രത്യേക 'യൂത്ത് ജെൻ സി കോൺക്ലേവ്' സംഘടിപ്പിക്കുമെന്ന്  വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. യുവതലമുറയുടെ സജീവ പങ്കാളിത്തത്തോടെ ക്യാമ്പസുകളിലും സമൂഹത്തിലും ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. കേരളത്തിന്റെ വനിതാ നയം മാർച്ച് എട്ടിന് പ്രഖ്യാപിക്കുമെന്നും ഹെർ സമ്മിറ്റ് 2026 ന്റെ സമാപനത്തിൽ തുടർ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി.

വനിതാനയം രൂപീകരണത്തിനു മുന്നോടിയായി സമൂഹത്തിന്റെ അടിത്തട്ടിലെ കാവൽക്കാരായ അംഗൻവാടി, ആശ, ഹരിതകർമ്മ സേന അംഗങ്ങളെ കേൾക്കും. പോലീസ്, അഭിഭാഷകർ, ജഡ്ജിമാർ എന്നിവരിൽനിന്നും നിയമപരമായ പിന്തുണയും വേഗത്തിലുള്ള നീതിയും ഉറപ്പാക്കാൻ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി അതത് പ്രദേശങ്ങളിൽ പ്രാദേശിക ജാഗ്രതാസമിതികളുടെ പ്രവർത്തനം  ഊർജിതമാക്കും.  പൊതുജനങ്ങൾക്കും ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുന്നതിനായി  ഒരു പ്രത്യേക ഇമെയിൽ വിലാസം  ലഭ്യമാക്കിയതായും മന്ത്രി പറഞ്ഞു.  നയരൂപീകരണത്തിലും ഭാവി പ്രവർത്തനങ്ങൾ അന്തിമമാക്കുന്നതിലും  പൊതുജനങ്ങൾക്ക് makalkkoppam@gmail.com എന്ന ഇമെയിൽ മുഖാന്തരം പങ്കാളികളാകാം.

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള പിന്തുണ ഉണ്ടാകണമെന്നും  ഹെർ സമ്മിറ്റ് ഉച്ചകോടിയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ സമൂഹത്തിൽ വലിയൊരു മാറ്റത്തിന് തിരിതെളിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൊഴിൽ, സാമ്പത്തിക ശാക്തീകരണം, സംരംഭകത്വം; രാഷ്ട്രീയ പ്രാതിനിധ്യം, നേതൃത്വം, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ; വിദ്യാഭ്യാസം, ലിംഗനീതി, ആരോഗ്യം, മാനസികക്ഷേമം; സ്ത്രീസുരക്ഷ, നിയമപരമായ പിന്തുണ, നീതിന്യായം; വനിതകൾക്കുള്ള സൈബർ സുരക്ഷ എന്നീ ആശയരേഖകളെ അടിസ്ഥാനമാക്കിയാണ് അഞ്ചു സെഷനുകളിലായി ഗ്രൂപ്പ് ചർച്ച നടന്നത്.

സമാപന ചടങ്ങിൽ ജെബി മേത്തർ എം.പി, എംഎൽഎമാരായ രമ്യ ഹരിദാസ്, വിദ്യാ ബാലകൃഷ്ണൻ, ഉഷവിജയൻ, വനിതാ ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബാ ജോർജ്,  മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4635/2026

date