ശാസ്ത്ര പ്രഭാഷണ പരമ്പര 'വി-ടോക്ക്' ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ തുടക്കം
വൈറോളജി, മറ്റ് സാംക്രമിക രോഗങ്ങൾ എന്നീ മേഖലകളിലെ ശാസ്ത്രീയ ചർച്ചകളും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി 'വി-ടോക്ക് (വൈറോളജി ടോക്ക്)' ശാസ്ത്ര പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമിട്ടു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടർ ഡോ. സി. എച്ച്. സുരേഷ് പരമ്പര ഉദ്ഘാടനം ചെയ്തു. ദശലക്ഷക്കണക്കിന് മനുഷ്യജീവനുകൾ രക്ഷിക്കുന്നതിന് വൈറോളജി ഗവേഷണം കൂടുതൽ ശക്തിപ്പെടുത്തണം. പുതിയ ആശയങ്ങളും ശാസ്ത്രീയ കണ്ടെത്തലുകളും സ്വതന്ത്രമായി പങ്കുവയ്ക്കുന്നതിനും ഗവേഷകർക്കിടയിൽ അർഥവത്തായ ആശയവിനിമയവും ശാസ്ത്രീയ മനോഭാവവും വളർത്തുന്നതിനുമുള്ള തുറന്ന വേദിയായി വി-ടോക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.
'ഗർഭകാലത്തെ ഹെപ്പറ്റൈറ്റിസ് ഇ വൈറസ് അണുബാധ: മാതൃ-ഭ്രൂണ പരസ്പര പ്രവർത്തനങ്ങളും രോഗവ്യാപനത്തിന്റെ ജൈവിക സംവിധാനങ്ങളും' എന്ന വിഷയത്തിൽ അസം സർവകലാശാലയിലെ ബയോടെക്‌നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. രവി പ്രകാശ് ആര്യ പ്രഭാഷണം നടത്തി.
ഗർഭകാലത്തെ ഹെപ്പറ്റൈറ്റിസ് ഇ അണുബാധയുടെ സങ്കീർണമായ രോഗവ്യാപനം കൂടുതൽ മനസ്സിലാക്കുന്നതിനും മാതൃ-ഭ്രൂണ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങൾ തടയുന്നതിനും കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പി.എൻ.എക്‌സ്. 4636/2026
- Log in to post comments