Skip to main content

ജില്ലാ കേരളോത്സവം; സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു

 

 

തൃശ്ശൂര്‍ ജില്ലാ കേരളോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ് സംഘാടക സമിതി രൂപീകരണ വിവരങ്ങള്‍ അവതരിപ്പിച്ചു.

 

കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജില്ലയിലെ ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഡിസംബര്‍ മാസത്തില്‍ ആറുദിവസങ്ങളിലായാണ് ജില്ലാ കേരളോത്സവം നടക്കുക. കായിക മത്സരങ്ങള്‍, കലാമത്സരങ്ങള്‍, വിവിധ ഗെയിമുകള്‍ എന്നിവ ജില്ലയിലെ വിവിധ വേദികളിലായി അരങ്ങേറും. കായിക മത്സരങ്ങള്‍ കുന്നംകുളത്തും ആര്‍ച്ചറി മത്സരം കൈപ്പറമ്പിലും നടത്താന്‍ യോഗത്തില്‍ തീരുമാനമായി. കലാമത്സരങ്ങള്‍ തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. ഒഫീഷ്യല്‍സിനും വോളണ്ടിയര്‍മാര്‍ക്കും ഭക്ഷണസൗകര്യം സംഘാടക സമിതി ഒരുക്കും. മത്സരാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണസൗകര്യം അതത് കോര്‍പ്പറേഷനുകളും ബ്ലോക്ക് പഞ്ചായത്തുകളും ലഭ്യമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, എംഎല്‍എമാര്‍ തുടങ്ങിയവര്‍ കേരളോത്സവത്തില്‍ പങ്കെടുക്കും.

 

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഐ. സജിത, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോര്‍ജ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ്. വിനയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ആര്‍. മായ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ പെല്ലിശ്ശേരി, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ് എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി.ടി. സബിത നന്ദി പറഞ്ഞു.

date