Skip to main content
തളിപ്പറമ്പ് സൂ സഫാരി പാര്‍ക്ക്: പ്രാദേശിക കമ്മറ്റി ചേര്‍ന്നു

തളിപ്പറമ്പ് സൂ സഫാരി പാര്‍ക്ക്: പ്രാദേശിക കമ്മറ്റി ചേര്‍ന്നു

 

മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ സ്ഥാപിക്കുന്ന സൂ സഫാരി പാര്‍ക്കിന്റെ പ്രാദേശിക കമ്മറ്റി യോഗം ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു. ജില്ലാ കലക്ടര്‍ പി വിഷ്ണുരാജിന്റെ ചേംബറില്‍ ചേര്‍ന്ന യോഗം പാര്‍ക്കുമായി ബന്ധപ്പെട്ട ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും സ്ഥിതിഗതികളും വിലയിരുത്തി.

പാര്‍ക്ക് സ്ഥാപിക്കുന്ന സ്ഥലത്തിന്റെ ലേഔട്ട് പ്ലാനും, കോണ്ടൂര്‍ മാപ്പും തയ്യാറാക്കുന്നതിന് ഭൂവിനിയോഗ ബോര്‍ഡിന് കത്ത് നല്‍കിയതായി സൂ സഫാരി പാര്‍ക്ക് വിദഗ്ധ സമിതി അംഗവും കമ്മറ്റി കണ്‍വീനറുമായ ടി വി അനില്‍കുമാര്‍ അറിയിച്ചു. ലേഔട്ട് പ്ലാന്‍, കോണ്ടൂര്‍ മാപ്പ്, അതിര്‍ത്തി നിര്‍ണ്ണയം എന്നിവ വേഗത്തിലാക്കുന്നതിന് വിദഗ്ധ ഏജന്‍സികളെ ടെണ്ടര്‍ വഴി നിയോഗിക്കാന്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് നിര്‍ദേശിച്ചു. പദ്ധതി പ്രദേശത്തെ അറുപതിനായിരത്തിലേറെ വരുന്ന മരങ്ങളുടെ മൂല്യനിര്‍ണയം, തരംതിരിക്കല്‍, നമ്പറിടല്‍, തുടങ്ങിയവ നടത്താന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയതായി കണ്‍വീനര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പതിനൊന്ന് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതി സംബന്ധിച്ച് കണ്‍സെപ്റ്റ് നോട്ട് ആറാഴ്ചയ്ക്കകം തയ്യാറാക്കും. പരിസ്ഥിതി ആഘാത പഠനം നടത്തും.

സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമായ വിധത്തില്‍ പാര്‍ക്കിംഗ് സൗകര്യം, ഭക്ഷണശാല, ശൗചാലയം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഒരുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, തളിപ്പറമ്പ് ആര്‍ ഡി ഒ എന്‍ മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസി ഷിജി വട്ടക്കാട്ടില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സജി ഓതറ, എസ് പി രമേശന്‍, സോഷ്യല്‍ ഫോറസ്ട്രി ആര്‍എഫ്ഒ  ഇ കെ ജിഷ എന്നിവരും പങ്കെടുത്തു.

date