Skip to main content

പട്ടികവർഗ വികസന വകുപ്പ് സംസ്ഥാനതല കായികമേള: പോസ്റ്ററും ഔദ്യോഗിക ഭാഗ്യചിഹ്നവും പ്രകാശനം ചെയ്തു

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികളുടെ ഒമ്പതാമത് സംസ്ഥാനതല സ്‌കൂൾ കായികമേള 'കളിക്കളം 2026'-ന്റെ പോസ്റ്ററും ഔദ്യോഗിക ഭാഗ്യചിഹ്നവും പ്രകാശനം ചെയ്തു. പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി പി.ആർ. ചേംബറിൽ പ്രകാശനം നിർവഹിച്ചു. പട്ടികജാതി വകുപ്പ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് മന്ത്രിയിൽ നിന്നും ലോഗോ ഏറ്റുവാങ്ങി.

'ജമ്പു' എന്ന മാൻകുട്ടിയാണ് ഔദ്യോഗിക ഭാഗ്യചിഹ്നം. കുട്ടികളുടെ വേഗം, കായികക്ഷമത, ആത്മവിശ്വാസം എന്നിവയുടെ പ്രതീകമായാണ് 'ജമ്പു' എന്ന മാൻകുട്ടിയെ ഭാഗ്യചിഹ്നമായി ആവിഷ്‌കരിച്ചിരിക്കുന്നത്.

നവംബർ 20, 21, 22 ദിവസങ്ങളിൽ തിരുവനന്തപുരം കാര്യവട്ടം LNCPE സ്റ്റേഡിയത്തിലാണ് കായികമേള. ആയിരത്തഞ്ഞൂറോളം കായിക പ്രതിഭകൾ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടനം നവംബർ 20-ന് നടക്കും. 'ആവേശത്തോടെ കളിക്കാം... ആത്മവിശ്വാസത്തോടെ മുന്നേറാം... വിജയത്തിന്റെ പുതിയ ചരിത്രം കുറിക്കാം!' എന്ന സന്ദേശവുമായാണ് കായികമേള എത്തുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.എസ് ഇർഷാദ്, സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി വി.ജി. മിനിമോൾ, പട്ടികജാതി വകുപ്പ്  ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ പബ്ലിസിറ്റി- നജീം എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4648/2026

date