Skip to main content

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി മൊബൈല്‍ ആപ്പിന് രണ്ടാഴ്ചയ്ക്കുള്ളില്‍ 11,000 ലേറെ ഡൗണ്‍ലോഡുകള്‍

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കുമിടയില്‍ സ്വീകാര്യതയേറുന്നു. പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം 11,000 കവിഞ്ഞു. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മോട്ടോര്‍ തൊഴിലാളികള്‍ക്കും വാഹന ഉടമകള്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസുകള്‍ സന്ദര്‍ശിക്കാതെ സ്മാര്‍ട്ട്‌ഫോണ്‍ വഴി വേഗത്തിലും സുരക്ഷിതമായും സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

തൊഴിലാളികള്‍ക്കും വാഹന ഉടമകള്‍ക്കും ഇതിലൂടെ അംശദായം അടയ്ക്കാന്‍ സാധിക്കും. യു.പി.ഐ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ വഴി പ്രതിമാസ, കാലാനുസൃത അംശദായം എളുപ്പത്തില്‍ അടയ്ക്കാനുള്ള സൗകര്യമുണ്ട്. പണമടച്ചയുടന്‍ തന്നെ പേയ്‌മെന്റ് രസീത് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മുന്‍പ് അടച്ച അംശദായ വിവരങ്ങളും മുന്‍ ഇടപാടുകളുടെ രേഖകളും ആപ്പിലൂടെ പരിശോധിക്കാം.

മൊബൈല്‍ ആപ്പിനൊപ്പം പുതുതായി സജ്ജമാക്കിയ kmtwwfb.kerala.gov.in    പോര്‍ട്ടലിലൂടെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനും ജനസൗഹൃദവുമാക്കി. വാഹനങ്ങളുടെയും ജീവനക്കാരുടെയും പുതിയ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇപ്പോള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ മുഖേനയാണ് നടപ്പാക്കുന്നത്. വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ സേവനങ്ങളും  ഓണ്‍ലൈനാക്കി. തൊഴിലാളികളുടെ ക്ഷേമ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷ സമര്‍പ്പണവും ധനസഹായ വിതരണവും ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങളും ഘട്ടംഘട്ടമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ 'KMTWWFB' എന്ന് തിരഞ്ഞോ ഔദ്യോഗിക ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0468 2320158.
 

date