ചെറുതനയിൽ പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള പാലും പാലുൽപ്പന്നങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷീരവികസന വകുപ്പ് ആലപ്പുഴ ജില്ലാ ഗുണനിയന്ത്രണ വിഭാഗവും ചെറുതന ക്ഷീരോൽപാദക സഹകരണ സംഘവും സംയുക്തമായി പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ചെറുതന ക്ഷീരസംഘത്തിൽ നടന്ന പരിപാടി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. ചെറുതന ക്ഷീരസംഘം പ്രസിഡന്റ് വത്സമ്മ വർഗീസ് സ്വാഗതം ആശംസിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.എം ശ്രീവിദ്യ, ചെറുതന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. അനില,എന്നിവർ ആശംസകൾ നേർന്നു. ക്ഷീരസംഘം സെക്രട്ടറി എസ്.വിജയശ്രീ നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടന പ്രസംഗത്തിൽ, ഹരിപ്പാട് ബ്ലോക്കിന് കീഴിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും ക്ഷീരകർഷകരുടെ പങ്കാളിത്തത്തോടെ ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ കർഷക സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ക്ഷീരമേഖലയുടെ വികസനത്തിന് ആവശ്യമായ പരമാവധി ഫണ്ട് ഗ്രാമപഞ്ചായത്ത് ബജറ്റിൽ വകയിരുത്തുന്നതിനും കർഷകർക്ക് പ്രയോജനകരമായ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും മുൻഗണന നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് അറിയിച്ചു.
തുടർന്ന് നടന്ന ബോധവൽക്കരണ സെഷനിൽ ആലപ്പുഴ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി സുസ്മിത എൽ. മോഡറേറ്ററായി. 'പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ ആലപ്പുഴ ജില്ലാ ഗുണനിയന്ത്രണ ഓഫീസർ പാർവതി കൃഷ്ണപ്രസാദും, 'പാൽ പരിശോധനാ രീതികളും പ്രദർശനവും സംശയനിവാരണവും' എന്ന വിഷയത്തിൽ ലാബ് ടെക്നീഷ്യൻ പി.മുരളീധരനും ക്ലാസുകൾ നയിച്ചു. ഹരിപ്പാട് ക്ഷീരവികസന ഓഫീസർ ഇ.എസ് റാണി പ്രിയദർശിനി ചർച്ചകളുടെ ക്രോഡീകരണം നടത്തി.
ക്ഷീരകർഷകരും സഹകാരികളും പങ്കെടുത്തു.
- Log in to post comments