Skip to main content
ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി സംഘടിപ്പിച്ച 'നിര്‍മ്മലം ശബരിമല' ക്യാമ്പയിന്‍

'നിര്‍മ്മലം ശബരിമല' ക്യാമ്പയിന് തുടക്കമായി

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി സംഘടിപ്പിച്ച 'നിര്‍മ്മലം ശബരിമല' ക്യാമ്പയിന് തുടക്കമായി. ശബരിമല എ ഡി എം ദിലീപ് കെ കൈനിക്കര ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് റേഞ്ച് ഓഫീസര്‍ അനൂപ് സ്റ്റീഫന്‍ ചടങ്ങില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. ക്യാമ്പയിനിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഇന്നും (നവംബര്‍ 8) ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

ജില്ലാ ശുചിത്വ മിഷന്‍, തൃശ്ശൂര്‍ 'പ്രാദേശിക സഞ്ചാരം' എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ ക്‌ളീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടന കാലയളവില്‍ പമ്പയിലും സന്നിധാനത്തും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, ഭക്ഷണപ്പൊതികള്‍, മറ്റ് പാക്കേജിംഗ് വസ്തുക്കള്‍ എന്നിവയുടെ അളവ് വലിയ തോതില്‍ വര്‍ദ്ധിക്കാറുണ്ട്. ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി ഭീഷണി തടയുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

'ഗ്രീന്‍ ശബരിമല, ക്ലീന്‍ ശബരിമല, പ്ലാസ്റ്റിക് റെസ്പോണ്‍സിബിള്‍ ശബരിമല' എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായകമായ ചുവടുവെപ്പാണ് ഈ പ്ലാസ്റ്റിക് കളക്ഷന്‍ ക്യാമ്പയിന്‍. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ വന-പരിസ്ഥിതി സംരക്ഷണവും ശബരിമല തീര്‍ത്ഥാടന മേഖലയിലെ ശുചിത്വവും ഒരുപോലെ ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.

ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ എം വിനീത്, അസിസ്സന്റ് കോര്‍ഡിനേറ്റര്‍ (ഐഇസി) ജി പ്രദീപ്, പ്രോഗ്രാം ഓഫീസര്‍ കെ ആര്‍ അജയ് എന്നിവര്‍ പങ്കെടുത്തു.

date