Skip to main content
ചൂരൽമലയിൽ അയൽവാസികളായിരുന്ന രാധയും നബീസയും നറുക്കെടുപ്പ് വേളയിൽ കണ്ടുമുട്ടിയപ്പോൾ സൗഹൃദം പങ്കിടുന്നു

*അര നൂറ്റാണ്ടിന്റെ സൗഹൃദത്തിന് ടൗണ്‍ഷിപ്പില്‍ പുതിയ വിലാസം*

 

ദുരന്തം രണ്ടുവര്‍ഷം അകറ്റിനിര്‍ത്തിയ രാധയെയും നബീസയെയും വീണ്ടും ഒന്നിപ്പിച്ച് ടൗണ്‍ഷിപ്പിലെ രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ്.  ഒരുമിച്ചുള്ള ബാല്യവും സന്തോഷങ്ങളും ആഘോഷങ്ങളും ഒരുമിച്ച അരനൂറ്റാണ്ടിലേറെ നീണ്ട സൗഹൃദം. ഓണത്തിന് രാധയുടെ വീട്ടില്‍ സദ്യയൊരുക്കുമ്പോള്‍ പെരുന്നാളിന് നബീസയുടെ വീട്ടിലാകും വിരുന്ന്. മതത്തിന്റെ അതിരുകള്‍ക്കപ്പുറം സ്‌നേഹം പങ്കുവെച്ച് ജീവിച്ച ഇരുവരെയും മുണ്ടക്കൈ-ചൂരല്‍മല ദുരന്തം രണ്ടുവര്‍ഷത്തോളമാണ് അകറ്റിനിര്‍ത്തിയത്. കുന്നമ്പറ്റയിലും വെങ്ങപ്പള്ളിയിലും വാടക വീട്ടിലായിരുന്നു ഇരുവരും. പരസ്പരം കാണാനോ വിശേഷങ്ങള്‍ പങ്കുവെക്കാനോ കഴിയാതെ കഴിഞ്ഞ രാധയ്ക്കും നബീസയ്ക്കും ടൗണ്‍ഷിപ്പിലെ വീടുകളുടെ രണ്ടാംഘട്ട നറുക്കെടുപ്പാണ് വീണ്ടും സന്തോഷത്തിന് വഴിയൊരുക്കിയത്. ഇരുവരും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ടതോടെ പഴയ സൗഹൃദം പുതുക്കാനുള്ള അവസരവും ലഭിച്ചു. നറുക്കെടുപ്പില്‍ നബീസയ്ക്ക് ഒന്നാം സോണിലെ കെ ക്ലസ്റ്ററില്‍ 140-ാം നമ്പര്‍ വീടും രാധയ്ക്ക് അഞ്ചാം സോണിലെ എ ക്ലസ്റ്ററില്‍ 308-ാം നമ്പര്‍ വീടുമാണ് ലഭിച്ചത്. ടൗണ്‍ഷിപ്പില്‍ ഒന്നിക്കുന്ന ഇവര്‍ ഇനിയുള്ള ഓണവും പെരുന്നാളും ഒരുമിച്ച് ആഘോഷിക്കാമെന്ന സന്തോഷത്തിലാണ്. ദുരന്തം അകറ്റിനിര്‍ത്തിയ അരനൂറ്റാണ്ടിന്റെ സൗഹൃദത്തിന് പുതിയൊരു വിലാസം കൂടിയാണ് ടൗണ്‍ഷിപ്പ് നല്‍കുന്നത്.

 

date