Skip to main content

സൂക്ഷ്മ ജീവികളുടെ ഔഷധ പ്രതിരോധം,  ജില്ലയിൽ 18 മുതൽ എ.എം.ആർ വാരാചരണം

 

വരുംകാല ലോകത്തെ വലിയ ആരോഗ്യ ഭീഷണിയായ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസിനെതിരെ (എ.എം.ആർ) പ്രതിരോധം ശക്തമാക്കി ആലപ്പുഴ ജില്ല. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനും ബോധവൽക്കരണം ശക്തമാക്കുന്നതിനുമായി നവംബർ 18 മുതൽ 24 വരെ ജില്ലയിൽ സൂക്ഷ്മ ജീവികളുടെ ഔഷധ പ്രതിരോധം വാരാചരണം സംഘടിപ്പിക്കും.
ആന്റിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി ആർജിക്കുന്ന ഗുരുതര സാഹചര്യമാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ എ.എം.ആർ. ഇതിനെ നേരിടുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള 'ഏകാരോഗ്യം' ജില്ലാതല യോഗം ചേർന്നു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി. പ്രേംജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എസ്.ആർ. ദിലീപ് കുമാർ വാരാചരണത്തിന്റെ മുന്നൊരുക്കങ്ങൾ അവതരിപ്പിച്ചു.

സ്വയം ചികിത്സയ്ക്കെതിരെ ശക്തമായ ബോധവൽക്കരണം നടത്തുന്നതിനൊപ്പം ആശുപത്രികളിലെ ബയോമെഡിക്കൽ മാലിന്യ സംസ്കരണം ആരോഗ്യവകുപ്പ് കർശനമാക്കും. വളർത്തുമൃഗങ്ങളിലെ അശാസ്ത്രീയ മരുന്നുപയോഗം തടയാൻ മൃഗസംരക്ഷണ വകുപ്പും, മത്സ്യകൃഷി-കോഴിവളർത്തൽ മേഖലകളിലെ തീറ്റയിലൂടെയുള്ള ഭീഷണി ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകളും പ്രത്യേക ശ്രദ്ധ നൽകും. ജലാശയങ്ങളിൽ 'സൂപ്പർ ബഗ്ഗുകളുടെ' സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നേതൃത്വത്തിൽ സംയുക്ത പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ,പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ്, ഫിഷറീസ് വകുപ്പ് , കൃഷിവകുപ്പ് തുടങ്ങി വിവിധ വകുപ്പ് മേധാവികളും, ഗവൺമെൻറ് ടി. ഡി മെഡിക്കൽ കോളേജ് മൈക്രോബയോളജി, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

date