Skip to main content

മോട്ടോർ വാഹനങ്ങളുടെ നികുതി കുടിശ്ശിക, ഒറ്റത്തവണ തീർപ്പാക്കാം

 

 നാല് വർഷമോ (2026 മാർച്ച്‌ 31 വരെ) അതിൽ കൂടുതലോ കാലയളവിൽ നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാ മോട്ടോർ വാഹനങ്ങളുടെയും (2022 മാർച്ച് വരെ നികുതി അടച്ചു നിർത്തിയ വഹനങ്ങൾക്ക്) കുടിശ്ശിക നികുതി "ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി" വഴി അടയ്ക്കാൻ അവസരം.  
നാല് വർഷത്തിൽ കൂടുതലായി എത്ര കാലത്തെ കുടിശ്ശികയുണ്ടെങ്കിലും 2022 ഏപ്രിൽ 1  മുതൽ 2026 മാർച്ച് 31  വരെയുള്ള നികുതി കുടിശ്ശികയുടെ നിശ്ചിത ശതമാനം തുക മാത്രം താഴെ പറയുന്ന നിരക്കിൽ അടയ്ക്കാവുന്നതാണ്.
ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് : 2026 മാർച്ച് 31 വരെയുള്ള നാല് വർഷത്തെ നികുതി കുടിശ്ശികയുടെ 30 ശതമാനം മാത്രം. 
നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് : 2026 മാർച്ച് 31 വരെയുള്ള നാല് വർഷത്തെ നികുതി കുടിശ്ശികയുടെ 40 ശതമാനം മാത്രം.
നികുതി കുടിശ്ശികയ്ക്കെതിരെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിച്ച വാഹനങ്ങളുടെ ഉടമകൾക്കും പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താം. വാഹന ഉടമയോ, ഉടമ അധികാരപ്പെടുത്തിയ വ്യക്തിയോ ഓഫീസിൽ നേരിട്ട് വന്ന് നികുതി കുടിശ്ശിക അടയ്ക്കാൻ അനുവദിക്കും. 
മോഷണം പോയതോ, പൊളിച്ചു നീക്കിയതോ, പൂർണമായി നശിച്ചതോ, പുനരുപയോഗത്തിന് അനുയോജ്യമല്ലാത്തതോ, നിലവിൽ എവിടെയാണെന്ന് കണ്ടെത്താനാകാത്തതോ ആയ വാഹനങ്ങളുടെ നികുതി ഈ പദ്ധതി പ്രകാരം അടയ്ക്കുന്നതിനായി പ്രസ്തുത വാഹനത്തിന്റെ അവസ്ഥ തെളിയിക്കുന്ന അനുബന്ധ രേഖകളും 200/- രൂപയുടെ മുദ്രപത്രത്തിൽ നിശ്ചിത മാതൃകയിൽ ഉള്ള സത്യവാങ്‌മൂലവും സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. മുദ്രപത്രത്തിൽ ചേർക്കേണ്ട സത്യവാങ്മൂലത്തിന്റെ പകർപ്പ് ലഭിക്കുവാൻ അതാത് ആർ.ടി.ഒ/സബ് ആർ.ടി.ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷ സമർപ്പിച്ച് 2026 മാർച്ച് 31  വരെയുള്ള നികുതി കുടിശ്ശിക ഈ പദ്ധതി പ്രകാരം അടയ്ക്കാവുന്നതും 2026 ഏപ്രിൽ 1  മുതൽ ടി വാഹനങ്ങൾക്ക് ഉണ്ടാകുന്ന നികുതി ബാധ്യത ഒഴിവാകുന്നതുമാണ്. പദ്ധതിയുടെ സമയ പരിധി 2027 മാർച്ച് 31 വരെയാണ്.

date