Skip to main content
.

സെന്‍സസ് 2027: രണ്ടാം ഘട്ട ജനസംഖ്യ കണക്കെടുപ്പ് ജനുവരി 25 ന് ആരംഭിക്കും: ജില്ലാ കലക്ടര്‍

സെന്‍സസ് 2027 ന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനമായ ജനസംഖ്യ കണക്കെടുപ്പ് ജില്ലയില്‍ ജനുവരി 25 മുതല്‍ ഫെബ്രുവരി 28 വരെ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫിസറും ജില്ലാ കലക്ടറുമായ ആനി ജൂലാ തോമസ് പറഞ്ഞു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല സെന്‍സസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
സെന്‍സസിന്റെ രണ്ടാംഘട്ടം വിജയകരമാക്കുന്നതിന് എല്ലാ ജീവനക്കാരുടെയും പൂര്‍ണമായ സഹകരണം ആവശ്യമാണ്. ഒന്നാംഘട്ടത്തില്‍ ഉദ്യോഗസ്ഥരുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകള്‍ ഉണ്ടായതായും രണ്ടാംഘട്ടത്തില്‍ അതുണ്ടാവാതിരിക്കാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
സെന്‍സസ് രണ്ടാംഘട്ടത്തിലെ സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം ജനുവരി 10 മുതല്‍ 24 വരെയാണ്. പൊതുജനങ്ങള്‍ പരമാവധി ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ 4663 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ എച്ച് എല്‍ ബികള്‍ ഉണ്ടായിരുന്നത് കൊട്ടാരക്കര താലൂക്കിലാണ് (996). ഏറ്റവും കുറവ് കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലും (44). ആദ്യഘട്ടത്തില്‍ ജില്ലയിലാകെ 67520 പേര്‍ സെല്‍ഫ് എ ന്യൂമറേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കി.  

രണ്ടാംഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉദ്യോഗസ്ഥരുടെ പരിശീലനം പൂര്‍ത്തിയായിട്ടുണ്ട്. ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ചുവരെ നടക്കും. എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലനം ഡിസംബര്‍ 21 മുതല്‍ ജനുവരി 15 വരെ നടക്കും.

ഒന്നാംഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് സെന്‍സസ് ഡയറക്ടറേറ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ വിതരണം ചെയ്തു. ജില്ലാതല ഉദ്യോഗസ്ഥരായ സബ് കളക്ടര്‍, പുനലൂര്‍ ആര്‍ ഡി ഒ, ജില്ലാ പ്ലാനിങ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജെ ഡി എല്‍ എസ് ജി ഡി, ഡി ഡി എജ്യുക്കേഷന്‍, ഡി ഡി ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, കേരള ഐടി മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

യോഗത്തില്‍ എഡിഎം എസ് സജീദ്, സബ് കളക്ടര്‍ ഡോ. എസ് മോഹന പ്രിയ, സെന്‍സസ് വിഭാഗം സീനിയര്‍ ക്ലര്‍ക്ക് എസ് രാജീവ്, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date