കുരുന്നുപ്രതിഭകള്‍ക്ക് വേദിയൊരുക്കി 'പൂമൊട്ട്' അങ്കണവാടി കലോത്സവം
തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 'പൂമൊട്ട്' അങ്കണവാടി കലോത്സവം സംഘടിപ്പിക്കുന്നു. നവംബര്‍ 14ന് ശനിയാഴ്ച രാവിലെ ഒമ്പതിന് ചവറ സൗത്ത് സര്‍ക്കാര്‍ എല്‍ വി എല്‍ പി എസ് സ്കൂളില്‍ ഉദ്ഘാടന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയശ്രീ മംഗളന്‍ നിര്‍വഹിക്കും.
വികസന ഫണ്ടില്‍ നിന്ന് മുപ്പതിനായിരം രൂപ വിനിയോഗിച്ചാണ് കലോത്സവം നടത്തുന്നത്. പഞ്ചായത്തിലെ 16 അങ്കണവാടികളില്‍ നിന്നായി 120 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. വേഷവിതാന മത്സരം, ആക്ഷന്‍ ഗാനം, സംഘനൃത്തം, ഏകാംഗ നൃത്തം, കഥപറച്ചില്‍, ചിത്രങ്ങള്‍ക്ക് നിറം നല്കല്, സംഗീതക്കസേര, പന്ത് കൈമാറല്‍ തുടങ്ങിയവയാണ് മത്സരയിനങ്ങള്‍. രാവിലെ 10 മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും. അങ്കണവാടി കുട്ടികള്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കാനും വിവിധ കലാപരിപാടികളില്‍ പങ്കുചേരാനുമുള്ള അവസരമാണ് കലോത്സവത്തിലൂടെ ഒരുക്കുന്നതെന്ന് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ വി രേഖലക്ഷ്മി പറഞ്ഞു
- Log in to post comments