ഹൃദയരാഗം' മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലേക്കും: ആരോഗ്യ മന്ത്രി
കേരളം സർക്കാരിന്റെ പൈലറ്റ് പ്രൊജക്റ്റായ 'ഹൃദയരാഗം' മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ ജീവിത ശൈലി രോഗ നിർണയം നടത്തുന്നുന്നതാണ് പദ്ധതി. ഇതിനായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എല്ലാ വീടുകളിലും കയറി മുഴുവൻ പേരുടെയും പരിശോധന നടത്തുകയാണ്. ഇടുക്കി, നിലമ്പൂർ, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. ഇത് മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് സംഘടിപ്പിച്ച ലോക പ്രേമേഹ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ പ്രമേഹം കൂടുന്നതിൽ തെറ്റായ ഭക്ഷണ രീതിയും വ്യായാമക്കുറവും വലിയ പങ്കു വഹിക്കുന്നതായി മന്ത്രി പറഞ്ഞു. ഐ സി എം ആർ പഠനമനുസരിച്ച് കേരളത്തിൽ 25.5 ശതമാനമാണ് പ്രമേഹ വ്യാപന നിരക്ക്. ഇന്ത്യയിൽ ഇത് 8.9 കോടിയോളം വരും. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് അന്നത്തെ ഭാരണാധികാരികൾ 2001ൽ ഡയബെറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട് കൊണ്ടുവന്നത്. ഇതില്ലായിരുന്നെങ്കിൽ രോഗം നിയന്ത്രണാതീതമാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ മുഖ്യപ്രഭാഷണം നടത്തി. പ്രമേഹം നിയന്ത്രിക്കുന്നതിൽ രോഗത്തെക്കുറിച്ചുള്ള സൂക്ഷ്മ വിവരം വളരെ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. ഉദാഹരണത്തിന് പാലിന്റെ ഉപഭോഗം കൂടിയതും പ്രമേഹ വർധനയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? അരി രോഗം വർധിപ്പിക്കുന്നുവെങ്കിൽ ഏതു തരം അരിയാണ് ഇതിന് കൂടുതൽ കാരണമാകുന്നത്. ഇത്തരം കാര്യങ്ങളിൽ പഠനം നടത്തി സൂക്ഷ്മ വിവരം കണ്ടെത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ മെഡിക്കൽ എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ. മിനി. എസ് എസ് അധ്യക്ഷയായി. ഡി.എച്ച്.എസ് ചുമതല വഹിക്കുന്ന ഡോ. ഉണ്ണികൃഷ്ണൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റീസ് ഡയറക്ടർ പി കെ ജബ്ബാർ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സന്ധ്യ എന്നിവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് രാവിലെ മ്യൂസിയം പരിസരത്തു നിന്ന് തുടങ്ങിയ വാക്കത്തോണിൽ ആരോഗ്യ മന്ത്രിയും പങ്കെടുത്തു. അയ്യൻകാളി ഹാളിൽ ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു. ചിത്ര രചന മത്സര വിജയികൾക്ക് സമ്മാനം നൽകി.
പി.എൻ.എക്സ്. 4785/2026
- Log in to post comments