Skip to main content

വർണ്ണാഭമായി ശിശുദിനം 'വർണ്ണോത്സവം 2026'

 ജില്ലാ ഭരണകൂടം, ജില്ലാ ശിശുക്ഷേമ സമിതി, പൊതുവിദ്യാഭ്യാസ വകുപ്പ്, തൃശ്ശൂർ കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശിശുദിനം 'വർണ്ണോത്സവം 2026' വർണ്ണാഭമായി ആഘോഷിച്ചു. 

 

കുട്ടികളുടെ പ്രധാനമന്ത്രി ലെവിൻ ലിയാന്റോ നയിക്കുന്ന ശിശുദിന റാലി തൃശ്ശൂർ സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ടൗൺഹാളിൽ റാലിയെ സ്വീകരിച്ച് ശിശു ദിന സന്ദേശം നൽകി. 

 

പതാക ഉയർത്തലിനു ശേഷം ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് തൃശ്ശൂർ കോർപറേഷൻ നടത്തുന്ന സിഗ്നേച്ചർ ക്യാംപെയിനിന്റെ ഉദ്ഘാടനവും നടന്നു . 

 

ശിശുദിനാഘോഷങ്ങളുടെ ഉദ്ഘാടനവും കുട്ടികളുടെ ചാച്ചാജി നിർവ്വഹിച്ചു. കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുത്ത  പി.ജെ. ജിസ്മിയ അധ്യക്ഷത വഹിച്ചു. സ്പീക്കറായി തിരഞ്ഞെടുത്ത  ഇവാനിയ കെ. ബിനോയ് മുഖ്യപ്രഭാഷണം നടത്തി. രാജൻ ജെ. പല്ലൻ എം.എൽ.എ. ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. 

 

അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ്. എം. സന്ദീപ്, വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എസ്. ബിജു, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി. കെ വിജയൻ, വൈസ് പ്രസിഡന്റ് പി. ഭാനുമതി, മോഡൽ ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക കെ. പി. ബിന്ദു തുടങ്ങിയവർ സംസാരിച്ചു. 

 

ടി.എം. അവനിജ മാലിന്യമുക്ത പ്രതിജ്ഞയും വേദിക കൃഷ്ണ ലഹരി വിമുക്ത പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ടി.ആർ. ആരാധ്യ സ്വാഗതവും എ.എസ്. സാൻഡ്രിയ നന്ദിയും പറഞ്ഞു. 

 

 ശിശു ക്ഷേമ സമിതി എക്സിക്യുട്ടീവ് അംഗങ്ങളായ വി.കെ ഉണ്ണികൃഷ്ണൻ, സാജൻ ഇഗ്നേഷ്യസ്, ബാലകൃഷ്ണൻ അഞ്ചിത്ത്, കെ.എസ് പത്മിനി, ഡോ. ബെന്നി ജേക്കബ് എന്നിവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും എല്ലാവർക്കും ലഘു ഭക്ഷണവും വിതരണം ചെയ്തു.

 

date