Skip to main content

എളവള്ളി ഗ്രാമപഞ്ചായത്തിൽ നവമ സാഹിത്യോത്സവത്തിന് തുടക്കമായി

നവ മണലൂർ കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന നവമ സാഹിത്യോത്സവത്തിന്റെ രണ്ടാം ഘട്ടത്തിന് എളവള്ളി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പുവ്വത്തൂർ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.യു. സരിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അശോകൻ മൂക്കോല അധ്യക്ഷത വഹിച്ചു. മണലൂർ എം.എൽ.എ പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാർത്ഥികളുമായി സംവദിച്ചു.

യുവ എഴുത്തുകാരി വിഘ്നേശ്വരി ശ്രീജിത്ത് സാഹിത്യ ക്ലാസിന് നേതൃത്വം നൽകി. പഞ്ചായത്തിലെ വിവിധ യു.പി. സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 35 വിദ്യാർത്ഥികൾ സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന കഥ, കവിത മത്സരങ്ങളിൽ പങ്കെടുത്തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ.ബി. ജയ, സനിൽ കുന്നത്തുള്ളി, പഞ്ചായത്ത് അംഗങ്ങളായ തുളസി രാമചന്ദ്രൻ, ആനി ജോസ്, ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.ജി. സുബിദാസ്, സി.ടി. ജാൻസി, ആർ.എ. അബ്ദുൾ ഹക്കിം, ബ്രിന്റോ കെ.എ. എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ ലാൻസി, വീണ, ശാലിനി എന്നിവരും  പങ്കെടുത്തു.

date