ജില്ലാതല ജല ശുചിത്വ മിഷൻ യോഗം ചേർന്നു
തൃശ്ശൂർ ജില്ലാതല ജല ശുചിത്വ മിഷൻ യോഗം ചേർന്നു. സബ് കളക്ടർ എഹ്‌തെദ മുഫസ്സിറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ ചേർന്ന യോഗത്തിൽ ജലജീവൻ മിഷൻ പദ്ധതികളുടെ നിലവിലെ സ്ഥിതിവിവരങ്ങളും പുരോഗതിയും വിലയിരുത്തി.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജലശുദ്ധീകരണശാലയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ, ടാങ്ക് നിർമ്മാണങ്ങൾക്കായി സ്ഥലം ലഭ്യമാക്കൽ, വിവിധ റോഡ് കട്ടിങ് അനുമതികൾ, പ്രവൃത്തികളുടെ സമയപരിധി നീട്ടി നൽകൽ തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
ഓൺലൈനായി നടത്തുന്ന യോഗങ്ങളോടൊപ്പം തന്നെ നേരിട്ടുള്ള യോഗങ്ങൾ നടത്തണമെന്നും, പ്രവൃത്തികളിലെ തടസ്സങ്ങൾ നീക്കുന്നതിനായി കരാറുകാരുമായി പ്രത്യേക യോഗങ്ങൾ വിളിക്കണമെന്നും അഭിപ്രായം ഉയർന്നു. ജലജീവൻ മിഷൻ പ്രവൃത്തികളുടെ ഭാഗമായി റോഡരികുകളിൽ അപകടകരമായ വിധത്തിൽ കിടക്കുന്ന പൈപ്പുകൾ അടിയന്തരമായി നീക്കം ചെയ്യാൻ യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ പി.എച്ച് സർക്കിൾ തൃശ്ശൂർ സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.എ. സുമ, നാട്ടിക പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറും ഡി.ഡബ്ല്യു.എസ്.എം മെമ്പർ സെക്രട്ടറിയുമായ എ. അരുൺകുമാർ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments