Skip to main content

301 കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും- ജില്ലാ കളക്ടര്‍*

കൃഷി ചെയ്ത് താമസിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സൗകര്യമൊരുക്കും; അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുനല്‍കുന്ന കാര്യവും പരിശോധിക്കും

ഇടുക്കി 301 കോളനിയിലുള്‍പ്പെടെ ജില്ലയിലെ വിവിധ ആദിവാസി മേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അവരുടെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 301 കോളനിയില്‍ ചേര്‍ന്ന ആദിവാസി നേതാക്കളുടെയും തദ്ദേശവാസികലുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ആഴ്ച ഊരുമൂപ്പന്‍ ഉള്‍പ്പെടെയുള്ള ആദിവാസി നേതാക്കളുടെയും മുതിരപ്പുഴ കോളനിയിലെ കുടുംബങ്ങളുടെയും പങ്കാളിത്തത്തില്‍ ചേര്‍ന്ന യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. 301 കോളനിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്ലോട്ടുകള്‍ അനുവദിച്ചിട്ടും വളരെ കുറച്ചുപേര്‍ മാത്രമാണ് നിലവില്‍ താമസിക്കുന്നത്. ഇവിടെ താമസിച്ച് കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ഊരുകൂട്ടത്തിന്റെ പ്രധാന ആവശ്യം.

വീടുകള്‍ക്കു പുറമെ റോഡ്, വൈദ്യുതി, കമ്മ്യൂണിറ്റി സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും വന്യമൃഗ ആക്രമണങ്ങളില്‍നിന്നുള്ള സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്. 301 കോളനി, സൂര്യനെല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ ആദിവാസികള്‍ക്ക് അനുവദിച്ച ഭൂമി അന്യാധീനപ്പെട്ടതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 1986-നുശേഷം നിയമപ്രകാരം ആദിവാസി ഭൂമി മറ്റുള്ളവര്‍ക്ക് കൈമാറാനോ പാട്ടത്തിന് നല്‍കാനോ കഴിയില്ല. ഇത്തരത്തില്‍ അന്യാധീനപ്പെട്ട ഭൂമി തിരികെ ലഭിക്കണമെന്ന ആദിവാസി കുടുംബങ്ങളുടെ ആവശ്യം ന്യായമാണെന്നും ഭൂമി തിരിച്ചുനല്‍കുന്നതിനുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

അതേസമയം, ആനയിറങ്കല്‍ ഡാമിന്റെ സുരക്ഷാ മേഖലയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരും. ഡാമിന്റെ അതിര്‍ത്തിക്കുള്ളിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കൃത്യമായ റിപ്പോര്‍ട്ടും പരാതിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നത്.

ഡാം സുരക്ഷാ മേഖലയില്‍ അനധികൃതമായി നടത്തുന്ന റിസോര്‍ട്ട് നിര്‍മാണം, ഏലം കൃഷി, വൈദ്യുതവേലികള്‍, മറ്റ് ഫെന്‍സിങ്ങുകള്‍ എന്നിവ അനുവദിക്കാനാവില്ല. അനധികൃതമായി സ്ഥാപിച്ച വേലികള്‍ നീക്കം ചെയ്യാനാണ് ഉത്തരവിട്ടിട്ടുള്ളത്. എന്നാല്‍ വ്യക്തികളുടെ പട്ടയഭൂമിയിലുള്ള വേലികള്‍ക്കോ മറ്റ് നിര്‍മിതികള്‍ക്കോ യാതൊരു നാശനഷ്ടവും വരുത്തരുതെന്ന് ഉത്തരവില്‍ വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

അതേസമയം ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ആദിവാസി കുടുംബത്തിന്റെ കാര്യത്തില്‍ കോടതി നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. കുടുംബത്തിന് അനുയോജ്യമായ മറ്റൊരു പ്ലോട്ട് അനുവദിക്കുന്നതുവരെ ഒഴിപ്പിക്കില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ സംബന്ധിച്ച് ട്രൈബല്‍ വകുപ്പ് ഉന്നയിച്ച കാര്യങ്ങളും പരിശോധിച്ച് തുടര്‍നടപടികള്‍ക്കായി വനംവകുപ്പിനെ അറിയിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
 

date