Skip to main content

പാപ്പിനിശ്ശേരിയില്‍ 4.75 ലക്ഷം ചെമ്മീന്‍ വിത്തുകള്‍ നിക്ഷേപിക്കും

 

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുജലാശയങ്ങളില്‍ മത്സ്യവിത്തുകളും ചെമ്മീന്‍ വിത്തുകളും നിക്ഷേപിക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പാപ്പിനിശ്ശേരിയില്‍ 4.75 ലക്ഷം ചെമ്മീന്‍ വിത്തുകള്‍ നിക്ഷേപിക്കും. പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 16ന് രാവിലെ 8.30ന് പാപ്പിനിശ്ശേരി ബോട്ട് ജെട്ടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഷബ്‌ന ഉദ്ഘാടനം ചെയ്യും. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിക്കായി പത്തുലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ശുദ്ധജല ജലാശയങ്ങളില്‍ കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെയും ഉപ്പുവെള്ള ജലാശയങ്ങളില്‍ കരിമീന്‍, ചെമ്മീന്‍ കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിക്കുന്നത്. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക, മത്സ്യബന്ധനത്തെ ഉപജീവനമാര്‍ഗമായി ആശ്രയിക്കുന്നവരുടെ വരുമാനവും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

date