"മുന്നേറ്റ്": ട്രൈബൽ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ പഠന പിന്തുണയുമായി ഡയറ്റ് കോഴിക്കോട്
*ശിശുദിനത്തിൽ വടകര പ്രീമെട്രിക് ഹോസ്റ്റലിൽ തുടക്കം
ജില്ലയിലെ പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും സമഗ്രമായ പഠന പിന്തുണ ഉറപ്പാക്കുന്നതിനുമായി ഡയറ്റ് കോഴിക്കോട് ‘മുന്നേറ്റ്’ എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നത്.
ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരവും സാമൂഹിക-വൈകാരിക പ്രശ്നങ്ങളും സംബന്ധിച്ച് ഡയറ്റ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് കോഴിക്കോട്, വടകര, ഈങ്ങാപ്പുഴ, കുന്നമംഗലം എന്നിവിടങ്ങളിലെ പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലുകളിലാണ് പദ്ധതി നടപ്പാക്കുക.
വിദ്യാർത്ഥികളുടെ അടിസ്ഥാന ഭാഷാ-ഗണിത ശേഷികൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമികേതര പ്രവർത്തനങ്ങളിൽ താൽപര്യവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. ആദ്യഘട്ടത്തിൽ ശിശുദിനത്തോടനുബന്ധിച്ച് വടകര പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പഠന പരിപാടി ആരംഭിക്കും.
തുടർന്ന് ജില്ലയിലെ മറ്റ് ട്രൈബൽ ഹോസ്റ്റലുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഒരു മാസം നീളുന്ന പ്രത്യേക പഠന പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകും. ഇതിനായി ഹോസ്റ്റലുകളിലെ ട്യൂട്ടർമാർക്ക് പ്രത്യേക പരിശീലനവും ശാക്തീകരണവും നൽകും. ഓരോ ഘട്ടത്തിലും ആവശ്യമായ പഠന പിന്തുണാ മൊഡ്യൂളുകൾ പരിശീലനത്തിന് ഉപയോഗപ്പെടുത്തും.
വടകര പ്രീമെട്രിക് ഹോസ്റ്റലിൽ നടക്കുന്ന പരിപാടി വടകര മുനിസിപ്പൽ ചെയർമാൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഡയറ്റ് പ്രിൻസിപ്പൽ എന്നിവർ പങ്കെടുക്കും. ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ശിൽപശാലയിൽ ട്രൈബൽ വിദ്യാർത്ഥികളും ഹോസ്റ്റലുകളിലെ ട്യൂട്ടർമാരും പങ്കാളികളാകും.
- Log in to post comments