ദേശീയ സരസ് മേള പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാക്കും
വേങ്ങര കൂരിയാട് ഡിസംബർ 22 മുതൽ 31 വരെ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാക്കാൻ തീരുമാനം. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ക്ഷേമം, ശുചിത്വം, ഹരിതചട്ട പാലന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മേളയുടെ എല്ലാ പ്രവർത്തനങ്ങളും ഹരിതചട്ടം പാലിച്ച് പ്രകൃതിസൗഹൃദമായി നടപ്പാക്കും. ഇതിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സംരംഭകർക്കും മേളയുടെ വിവിധ ഉപസമിതികൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകും.
മേളയുടെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ ശുചീകരണ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിന് കുടുംബശ്രീ സി.ഡി.എസുകൾക്ക് നിർദേശം നൽകും. കൃത്യമായ മാലിന്യ സംസ്കരണം, ശുചിത്വം, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പുവരുത്തി മേള കൂടുതൽ ശുചിത്വപൂർണ്ണമാക്കാനാണ് സമിതി ലക്ഷ്യമിടുന്നത്.
യോഗത്തിൽ ക്ഷേമം, ശുചിത്വം, ഹരിതചട്ട പാലന സമിതി ചെയർപേഴ്സൺ സലീം കുരുവമ്പലം അധ്യക്ഷനായി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി, ജില്ലാ മിഷൻ കോർഡിനേറ്റർ മനോജ് കുമാർ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ സിറാജുദ്ദീൻ, സി.ഡി.എസ് ചെയർപേഴ്സൺ ആയിഷ ബീഗം, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ പി. ദേവദാസ്, വർക്കിങ് കൺവീനർ കെ. അലീന, ജോയിന്റ് കൺവീനർ വി.എൻ ദൃശ്യ, ജില്ലാ പ്രോഗ്രാം മാനേജർ ഹസ്കർ, വി.എ ലത്തീഫ്, കെ. ഫിറോസ്, വേങ്ങര ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments