വികസന പ്രവർത്തനങ്ങൾക്ക് എ.ഐ അടക്കമുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
വികസന പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും നിർമ്മിത ബുദ്ധി (എ.ഐ) ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കൊണ്ടോട്ടിയുടെ ഭാവി വികസനം ലക്ഷ്യമാക്കി ടി.പി അഷ്റഫലി എം.എൽ.എയുടെ നേതൃത്വത്തിൽ റോസിയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച 'കൊണ്ടോട്ടി നെക്സ്റ്റ് വിഷൻ 2040 വികസന കോൺക്ലേവ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കം വേഗത്തിലാക്കാനും സമാന സ്വഭാവമുള്ള അപേക്ഷകൾ ക്രോഡീകരിച്ച് സമയബന്ധിതമായി തീർപ്പാക്കാനും എ.ഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽവൽക്കരണം സാധാരണക്കാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങളിലൂടെ ഡിജിറ്റൽ സാക്ഷരത നേടിയ ജനങ്ങൾക്ക് ഇന്ന് സ്മാർട്ട്ഫോണുകൾ വഴി ഓഫീസുകളുടെ സേവനങ്ങൾ ലഭ്യമാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡുകളും കെട്ടിടങ്ങളും മാത്രമല്ല, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന സമഗ്രമായ മാറ്റങ്ങളാണ് യഥാർത്ഥ വികസനം. വിമാനത്താവളം സ്ഥിതി ചെയ്യുന്ന കൊണ്ടോട്ടിക്ക് കയറ്റുമതി രംഗത്ത് വലിയ സാധ്യതകളാണുള്ളത്. കുടുംബശ്രീ ഉൾപ്പെടെയുള്ള പ്രാദേശിക ചെറുകിട സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിദേശത്തെ മലയാളി സമൂഹത്തിന് മുന്നിലെത്തിക്കാനും ചൈനീസ് മാതൃകയിൽ വലിയ വിപണി കണ്ടെത്താനും സാധിക്കണം. ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ കെ.എസ്.ഐ.ഇ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കോൺക്ലേവിലൂടെ തയ്യാറാക്കുന്ന വികസന രേഖകൾക്ക് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഐ.ഐ.ടി മദ്രാസിന്റെ സാങ്കേതിക സഹായത്തോടെ കൊണ്ടോട്ടി ഗവൺമെന്റ് കോളേജിലെ ബി.എസ്സി എ.ഐ ഓണേഴ്സ് ബിരുദ വിദ്യാർഥികൾക്കായി ആരംഭിക്കുന്ന റൂറൽ ഡെവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ ടി.വി ഇബ്രാഹിം എം.എൽ.എ അധ്യക്ഷനായി. ടി.പി അഷ്റഫലി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി, കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ മമ്മദീശ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി മുഹമ്മദ് (മുതുവല്ലൂർ), കെ. ശിവൻ (ചീക്കോട്), പി.എ നസീറ (പുളിക്കൽ), ജസീന ആലുങ്ങൽ (ചെറുകാവ്), ആരിഫ കണ്ടംതൊടി (വാഴക്കാട്), അമിന കുമാരി (വാഴയൂർ), കെ.എസ്.ഐ.ഇ ചെയർമാൻ സി.കെ സുബൈർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments