Skip to main content

സഹകരണ മേഖലയുടെ വിശ്വാസ്യത സംരക്ഷിക്കണം; വായ്പാ വിതരണത്തിലും നിക്ഷേപത്തിലും സ്വയംവിലയിരുത്തൽ വേണമെന്ന് മന്ത്രി ഒ. ജെ. ജനീഷ്* *സഹകരണ വാരാഘോഷം: മുകുന്ദപുരം, ചാലക്കുടി താലൂക്ക് തല സെമിനാർ ഉദ്ഘാടനം ചെയ്തു*

*

സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് കായിക, യുവജനക്ഷേമ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു. 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ മുകുന്ദപുരം, ചാലക്കുടി താലൂക്ക് തല സെമിനാർ ഇരിഞ്ഞാലക്കുട ടൗൺ ഹാസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ മൂലധനം നിക്ഷേപകരുടെ വിശ്വാസമാണ്. ഈ വിശ്വാസം കാത്തുസൂക്ഷിക്കാൻ എല്ലാ സഹകരണ സംഘങ്ങളും കൂട്ടായ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. വായ്പാ തിരിച്ചടവിന്റെ കാര്യത്തിൽ കരുണാർദ്രവും മാനുഷികവുമായ സമീപനം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി എടുത്തുപറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ടാവണം കുടിശ്ശിക നിവാരണ നടപടികൾ കൈക്കൊള്ളേണ്ടത്. ദീർഘകാല കാഴ്ചപ്പാടോടെയുള്ള വായ്പാ മാനേജ്മെന്റും കൃത്യമായ സാമ്പത്തിക ആസൂത്രണവും വഴി സംഘങ്ങളെയും ഇടപാടുകാരെയും ഒരുപോലെ സാമ്പത്തിക ഭദ്രതയിലേക്ക് നയിക്കാൻ സാധിക്കും.

വായ്പാ വിതരണത്തിലും നിക്ഷേപ സമാഹരണത്തിലും കാലോചിതമായ സ്വയംവിലയിരുത്തലുകളും കൃത്യമായ ആസൂത്രണവും നടത്തുന്നത് സഹകരണ സംഘങ്ങളെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ സാമ്പത്തിക സ്വപ്നങ്ങൾക്ക് ചിറകുനൽകുന്നതിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. കൂട്ടായ്മയുടെ കരുത്തിലൂടെ ഓരോ വ്യക്തിക്കും സാമ്പത്തിക സുരക്ഷയും അഭിവൃദ്ധിയും ഉറപ്പാക്കുന്ന ജനകീയ മാതൃകയാണിത്.

ചെറുകിട വ്യവസായങ്ങൾ, കച്ചവടം, കൃഷി, തൊഴിൽ സംരംഭങ്ങൾ തുടങ്ങി നാടിന്റെ സമസ്ത മേഖലകളുടെയും വളർച്ചയ്ക്ക് ആവശ്യമായ മൂലധനം ലഭ്യമാക്കുന്നതിൽ സഹകരണ സംഘങ്ങൾ വലിയ സംഭാവനകളാണ് നൽകുന്നത്. നാട്ടിൻപുറങ്ങളിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലെ സാമ്പത്തിക ആവശ്യങ്ങൾക്കും തൊഴിൽ സംരംഭങ്ങൾക്കും കൃഷിക്കും ഏറ്റവും ആദ്യം ആശ്രയിക്കാൻ കഴിയുന്ന സുരക്ഷിതമായ ഇടം സഹകരണ സംഘങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിന്റെ വികസന കുതിപ്പിൽ സഹകരണ മേഖലയുടെ പങ്ക് അതുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒറ്റപ്പെട്ട ചില വെല്ലുവിളികളെ കൂട്ടായ ഉത്തരവാദിത്തത്തോടെയും സുതാര്യമായ പ്രവർത്തനങ്ങളിലൂടെയും മറികടന്ന് നിക്ഷേപകരുടെ വിശ്വാസം പൂർണ്ണമായും ആർജിക്കാൻ എല്ലാ സംഘങ്ങൾക്കും സാധിക്കണം.

ലാഭക്ഷമതയോടെ പ്രവർത്തിക്കുന്നതിനൊപ്പം സാധാരണക്കാരുടെ ആശ്രയകേന്ദ്രമെന്ന ജനകീയ മുഖം നിലനിർത്താൻ സഹകരണ സ്ഥാപനങ്ങൾക്ക് കഴിയണം. സഹകാരികളുടെയും ഭരണസമിതികളുടെയും കൂട്ടായ പരിശ്രമവും സാമൂഹിക പ്രതിബദ്ധതയും വഴി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നും മന്ത്രി ആശംസിച്ചു.

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺ ടി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സഹകരണ മേഖലയിൽ പ്രവർത്തന മികവ് കാഴ്ചവെച്ച സംഘങ്ങൾക്കുള്ള 'ആശ്വാസ് - 2026' അവാർഡുകൾ തോമസ് ഉണ്ണിയാടൻ എം.എൽ.എ വിതരണം ചെയ്തു.

സംസ്ഥാന വിദ്യാഭ്യാസ-കായിക മത്സരങ്ങളിൽ വിജയിച്ച മുകുന്ദപുരം, ചാലക്കുടി താലൂക്ക് സംഘങ്ങളിലെ ജീവനക്കാരുടെ മക്കൾക്ക് 'സായൂജ്യ ആദരവ് - 2026' പുരസ്‌കാരവും സമ്മാനിച്ചു. മുകുന്ദപുരം (ജനറൽ) സെക്രട്ടറി/അസിസ്റ്റന്റ് രജിസ്ട്രാർ ബിജു. ഡി. കുറ്റിക്കാട്ട്, ഇരിഞ്ഞാലക്കുട നഗരസഭ ചെയർമാൻ എം.പി. ജാക്സൺ, തൃശൂർ (ജനറൽ) ജോയിന്റ് രജിസ്ട്രാർ പി. രാമചന്ദ്രൻ, യൂണിയൻ ഭരണസമിതി അംഗങ്ങൾ, മറ്റ് സഹകരണ സംഘം ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

date