Skip to main content

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ 23-ാമത് ബിരുദദാനച്ചടങ്ങ് നാളെ; 17,158 പേർക്ക് ബിരുദങ്ങൾ സമ്മാനിക്കും*

 കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ 23-ാമത് ബിരുദദാനച്ചടങ്ങ് നവംബർ 17-ന് രാവിലെ 11-ന് തൃശൂർ ഗവ. മെഡിക്കൽ കോളേജ് അലുംനി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ ബിരുദദാനം നിർവഹിക്കും. നാഷണൽ മെഡിക്കൽ കമ്മീഷന്റെ മെഡിക്കൽ അസ്സെസ്സ്മെന്റ് ആൻഡ് റേറ്റിംഗ് ബോർഡ് (എം.എ.ആർ.ബി - പി.ജി ആൻഡ് യു.ജി) അധ്യക്ഷൻ ഡോ. എം.കെ. രമേഷ് മുഖ്യാതിഥിയായി പങ്കെടുത്ത് റാങ്ക് ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും.

പ്രോ-വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സി.പി. വിജയൻ, രജിസ്ട്രാർ (ഇൻ-ചാർജ്) പ്രൊഫ. (ഡോ.) ആർ. ബിനോജ്, പരീക്ഷാ കൺട്രോളർ പ്രൊഫ. (ഡോ.) എസ്. അനിൽകുമാർ, ഫിനാൻസ് ഓഫീസർ ശ്രീ. എം.എസ്. സുധീർ എന്നിവർക്ക് പുറമെ ആരോഗ്യശാസ്ത്രത്തിന്റെ ഏഴ് മേഖലകളെ പ്രതിനിധീകരിക്കുന്ന ഫാക്കൽറ്റി ഡീൻമാർ, ഗവേണിംഗ് കൗൺസിൽ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, ബിരുദധാരികൾ, രക്ഷിതാക്കൾ, വിശിഷ്ട ക്ഷണിതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

മോഡേൺ മെഡിസിൻ, ഡെന്റൽ സയൻസസ്, ആയുർവേദം/യുനാനി/സിദ്ധ, ഹോമിയോപ്പതി, നഴ്സിംഗ്, ഫാർമസി, അലൈഡ് ഹെൽത്ത് സയൻസസ് എന്നീ ഏഴ് അക്കാദമിക് മേഖലകളിൽ നിന്നുള്ള 17,158 വിദ്യാർത്ഥികൾക്കാണ് ഇത്തവണ ബിരുദങ്ങൾ സമ്മാനിക്കുന്നത്. ഇതിൽ 2,045 ബിരുദാനന്തര ബിരുദധാരികളും 11 പി.എച്ച്.ഡി. ജേതാക്കളും 15,102 ബിരുദധാരികളും ഉൾപ്പെടുന്നു.  വിവിധ ബിരുദ പ്രോഗ്രാമുകളിലെ പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയ പത്ത് വിദ്യാർത്ഥികളെ ക്യാഷ് അവാർഡും ഫലകവും നൽകി ആദരിക്കും.

date