മതിലകം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു; ഗ്രാമനന്മ മതിലകത്തിന് ഹാട്രിക് കിരീടം*
മതിലകം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. എമ്മാട് യു.പി. സ്കൂളിൽ നടന്ന സമാപന സമ്മേളനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. സീ കേരള ഫെയിം അമൽ സഖാ മുഖ്യാതിഥിയായി.
351 പോയിന്റ് നേടി ഗ്രാമനന്മ മതിലകം തുടർച്ചയായി മൂന്നാം തവണയും കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി. 283 പോയിന്റുമായി അനുഗ്രഹ കൂളിമുട്ടം രണ്ടാം സ്ഥാനവും, ആദ്യമായി മത്സരരംഗത്തെത്തിയ നോർതേൺ യുണൈറ്റഡ് 211 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലാമത്സരങ്ങളിൽ അനുഗ്രഹ കൂളിമുട്ടവും കായികമത്സരങ്ങളിൽ ഗ്രാമനന്മയും ഓവറോൾ ചാമ്പ്യന്മാരായി.
ഓവറോൾ ചാമ്പ്യന്മാരായ ഗ്രാമനന്മ മതിലകത്തിന് പുന്നിലത്ത് പി.എം. മുഹമ്മദ് ഹാജി മെമ്മോറിയൽ ക്യാഷ് അവാർഡായ 10,001 രൂപയും, രണ്ടാം സ്ഥാനം നേടിയ അനുഗ്രഹ കൂളിമുട്ടത്തിന് 7,500 രൂപ ക്യാഷ് അവാർഡും സമ്മാനിച്ചു. ഒക്ടോബർ 23 മുതൽ നവംബർ 15 വരെ വിവിധ വേദികളിലായി നടന്ന മേളയിൽ പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളിൽ നിന്നുള്ള നിരവധി യുവാക്കൾ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. റഫീക്ക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ആൽഫ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.എ. ബിനേഷ്, ഹസീന റഷീദ്, പഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാമദാസ്, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments