Skip to main content

വിഴിഞ്ഞത്തിന് കൈത്താങ്ങായി സർവീസ് ഹാർബർ; കോവളം തുറമുഖ വികസന സാധ്യതകൾ പരിശോധിച്ച് ഉദ്യോഗസ്ഥർ

* വിഴിഞ്ഞം തുറമുഖത്തിന്റെപ്രവർത്തനത്തോടനുബന്ധിച്ചുള്ള സമുദ്രസേവനങ്ങൾക്ക് പുതിയ സാധ്യതകൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിച്ചതോടെ മേഖലയിൽ വർധിച്ചുവരുന്ന സമുദ്രസംബന്ധമായ സേവനങ്ങളുടെ ആവശ്യകത പരിഗണിച്ച് വിഴിഞ്ഞം-കോവളം ചെറുകിട തുറമുഖത്തെ സർവീസ് ഹാർബറായി വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയും തുറമുഖ വകുപ്പ് സെക്രട്ടറിയുമായ ഡോ. രത്തൻ യു. കേൽക്കർ, കേരള മാരിടൈം ബോർഡ് സി.ഇ.ഒ യും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ജെറോമിക് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം തുറമുഖം സന്ദർശിച്ചു.

കേരള മാരിടൈം ബോർഡിന്റെ ഭരണനിയന്ത്രണത്തിലുള്ള വിഴിഞ്ഞം-കോവളം ചെറുകിട തുറമുഖത്തെ നിലവിലുള്ള സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും സംഘം വിലയിരുത്തി. മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്ന വികസന പ്രവർത്തനങ്ങളുടെ സാധ്യതകളും പരിശോധിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനത്തോടെ കപ്പലുകൾക്ക് ആവശ്യമായ അനുബന്ധ സേവനങ്ങളുടെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ നിലവിലുള്ള വിഴിഞ്ഞം-കോവളം ചെറുകിട തുറമുഖത്തെ ഫലപ്രദമായി വിനിയോഗിച്ച് ഒരു സർവീസ് ഹാർബർ വികസിപ്പിക്കാനാണ് കേരള മാരിടൈം ബോർഡ് ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറൻ കപ്പൽപാതയിൽനിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ മാത്രം അകലെയുള്ള വിഴിഞ്ഞത്തിന് കപ്പലുകൾക്കാവശ്യമായ വിവിധ സേവനങ്ങൾ ഒരുക്കുന്നതിൽ വലിയ സാധ്യതകളാണുള്ളത്. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കൽ, അറ്റകുറ്റപ്പണികൾ, കപ്പൽ ഉപകരണങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം, ജീവനക്കാരെ മാറ്റുന്നതിനുള്ള സൗകര്യം, കപ്പലുകൾക്ക് താൽക്കാലികമായി നങ്കൂരമിടുന്നതിനുള്ള സൗകര്യം തുടങ്ങിയവ സർവീസ് ഹാർബറിലൂടെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

സർവീസ് ഹാർബർ പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്ത് കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ ഭൂമി വാണിജ്യാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകളും പരിഗണനയിലുണ്ട്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി മേഖലയിലെ സമുദ്രസേവന അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ സേവനമേഖലകൾക്ക് വഴിയൊരുക്കുന്നതിനും നിർദിഷ്ട പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.എൻ.എക്‌സ്. 4824/2026

date