ക്യാമ്പസുകളിൽ ഇനി കുടുംബശ്രീയുടെ ജെൻസി വൈബ്
പഠനത്തോടൊപ്പം തൊഴിലും നൈപുണ്യ പരിശീലനവും വരുമാനവും; ‘കുടുംബശ്രീ @ ക്യാമ്പസ്’ പദ്ധതിക്ക് നവംബർ 19ന് തുടക്കം
കോളേജ് വിദ്യാർഥിനികളുടെ സർഗാത്മകതയ്ക്കും കഴിവുകൾക്കും പുതിയ അവസരങ്ങളൊരുക്കി കുടുംബശ്രീ ക്യാമ്പസുകളിലേക്ക്. വിദ്യാർഥിനികളുടെ സമഗ്ര വികാസവും ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ പ്രവർത്തനങ്ങൾ കോളേജുകളിലേക്ക് വ്യാപിപ്പിക്കുന്ന ‘കുടുംബശ്രീ @ ക്യാമ്പസ്’ പദ്ധതിക്ക് നവംബർ 19ന് സംസ്ഥാനത്ത് തുടക്കമാകും. വ്യാഴാഴ്ച രാവിലെ ആറിന് കോഴിക്കോട് ബീച്ചിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി പദ്ധതി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.
കോളേജ് പഠനത്തോടൊപ്പം ഇഷ്ടമേഖലകളിൽ തൊഴിൽനൈപുണ്യം നേടാനും സംരംഭകത്വത്തിലൂടെ വരുമാനം കണ്ടെത്താനും വിദ്യാർഥിനികൾക്ക് അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാമൂഹിക പങ്കാളിത്തം, നൈപുണ്യ വികസനം, തൊഴിൽ പരിശീലനം, സംരംഭകത്വം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതിയിലൂടെ ഉന്നതവിദ്യാഭ്യാസ കാലത്തുതന്നെ സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാൻ വിദ്യാർഥിനികളെ പ്രാപ്തരാക്കും. ആശയരൂപീകരണം, പ്രോജക്ട് തയ്യാറാക്കൽ, ധനസഹായം, വിപണന പിന്തുണ തുടങ്ങി സംരംഭങ്ങളുടെ വിവിധ ഘട്ടങ്ങളിൽ കുടുംബശ്രീയുടെ സഹായം ലഭ്യമാക്കും. രാജ്യത്തെ പ്രമുഖ അക്കാദമിക-പരിശീലന സ്ഥാപനങ്ങളുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും പരിശീലനവും മാർഗനിർദേശവും ഉറപ്പാക്കും.
ക്രിയേറ്റീവ് മേഖല, ഉൽപാദന-സേവന മേഖലകൾ, ഐ.ടി-സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലാണ് നൈപുണ്യ പരിശീലനത്തിനും സംരംഭങ്ങൾ ആരംഭിക്കുന്നതിനും അവസരമൊരുക്കുന്നത്. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് പദ്ധതിയിൽ പങ്കാളികളാകാം. ഇതിനായി കോളേജുകളിൽ വിദ്യാർഥിനികളെ ഉൾപ്പെടുത്തി പ്രത്യേക കുടുംബശ്രീ ഗ്രൂപ്പുകൾ രൂപീകരിക്കും. പദ്ധതിയിൽ അംഗങ്ങളാകുന്ന വിദ്യാർഥിനികളിൽനിന്നുതന്നെ ആശയങ്ങൾ സ്വീകരിച്ച് അവ വികസിപ്പിച്ച് സംരംഭങ്ങളാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്.
ക്രിയേറ്റീവ് മേഖലയിൽ താൽപര്യമുള്ളവർക്ക് ഫിലിം മേക്കിങ്, ഡിജിറ്റൽ മാർക്കറ്റിങ്, സംഗീതം, കണ്ടന്റ് റൈറ്റിങ്, ഡിസൈനിങ്, ബ്രോഡ്കാസ്റ്റിങ്, വ്ലോഗിങ്, ബ്ലോഗിങ്, സ്ക്രിപ്റ്റ് റൈറ്റിങ്, എഡിറ്റിങ്, പോർട്ട്ഫോളിയോ വികസനം, ഡിജിറ്റൽ ക്യാമ്പയിനുകൾ, പ്രോജക്ട് വികസനം, സ്റ്റോറി ടെല്ലിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നേടാനും സംരംഭങ്ങൾ ആരംഭിക്കാനും കഴിയും. ഐ.ടി മേഖലയിൽ സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, ആപ് ബിൽഡിങ്, റിസർച്ച് ഗൈഡൻസ്, ഹാക്കത്തോൺ തുടങ്ങിയവയ്ക്കും അവസരമുണ്ടാകും.
ഉൽപാദന മേഖലയിൽ സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മസംരംഭങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ, കരകൗശല നിർമാണം തുടങ്ങിയവയിൽ പരിശീലനം നൽകും. ടൂറിസം, ഹോം അപ്ഗ്രഡേഷൻ, ഹോം മാനേജ്മെന്റ്, ഫാഷൻ, ബ്യൂട്ടി, ടൂറിസം പ്രോജക്ടുകൾ, ബിസിനസ് മെന്ററിങ്, വിപണന ബന്ധങ്ങൾ തുടങ്ങിയ മേഖലകളിലും നൈപുണ്യ പരിശീലനത്തിനും സംരംഭകത്വത്തിനും അവസരമൊരുക്കും. ഇതിനു പുറമെ മറ്റ് പ്രസക്തമായ മേഖലകളും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടും.
കോളേജുകളിൽ ഐച്ഛിക വിഷയങ്ങൾ പഠിക്കുന്നതിനൊപ്പം തൊഴിൽനൈപുണ്യം നേടാനും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും പെൺകുട്ടികളെ പ്രാപ്തരാക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ എം.എൽ.എമാരായ ഫൈസൽ ബാബു, അഡ്വ. കെ. ജയന്ത്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ വി. വിഘ്നേശ്വരി, വിദ്യാർഥിനികളായ മാളവിക സജീവ് എം., അലീഷ അനിൽ എന്നിവർ പങ്കെടുക്കും.
- Log in to post comments