Skip to main content

ശബരിമല തീർത്ഥാടകർക്ക് കൊച്ചി വിമാനത്താവളത്തിൽ വിപുലമായ സൗകര്യങ്ങൾ; ഇടത്താവളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വിമാനത്താവളത്തിൽ നിന്ന് ശബരിമലയിലേക്കുള്ള ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

ശബരിമല തീർത്ഥാടനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തുന്ന അയ്യപ്പഭക്തർക്ക് യാത്രയും വിശ്രമവും സുഗമമാക്കാൻ വിപുലമായ സൗകര്യങ്ങളൊരുക്കി സിയാൽ. 3000 ചതുരശ്ര അടി വിസ്തീർണമുള്ള ഇടത്താവളവും അനുബന്ധ സേവനങ്ങളും മുഖ്യമന്ത്രി അഡ്വ. വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

ഇടത്താവളത്തിന്റെ 80 ശതമാനവും ശീതീകരിച്ച ഹാളാണ്. തീർത്ഥാടകർക്ക് വിശ്രമിക്കാനും ശബരിമലയിലേക്കുള്ള തുടർയാത്രയ്ക്കാവശ്യമായ ക്രമീകരണങ്ങൾ നടത്താനുമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഹെലികോപ്റ്റർ സർവീസ്, കെഎസ്ആർടിസി സർവീസ്, ദേവസ്വം ഹെൽപ് ഡെസ്ക്, പ്രസാദം കൂപ്പൺ, പ്രീപെയ്ഡ് ടാക്സി ബുക്കിങ്, വിശ്രമകേന്ദ്രം, വെജിറ്റേറിയൻ റെസ്റ്റോറന്റ് എന്നിവയും ഇടത്താവളത്തോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും എത്തുന്ന അയ്യപ്പഭക്തർക്ക് വിമാനത്താവളത്തിൽനിന്ന് ശബരിമലയിലേക്ക് യാത്ര തുടരുന്നതിനാവശ്യമായ സഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. തീർത്ഥാടകരുടെ സൗകര്യാർഥം വിമാനത്താവളത്തിൽനിന്നുള്ള ഇന്റർകണക്ടിവിറ്റി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ വിപുലമായ സൗകര്യങ്ങൾ ഈ സീസണിൽ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയെ തിരുപ്പതി മാതൃകയിൽ ആധുനിക സൗകര്യങ്ങളുള്ള പ്രധാന തീർത്ഥാടനകേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ തീർത്ഥാടനകാലം അവസാനിച്ചാലുടൻ ദീർഘകാല അടിസ്ഥാനത്തിലുള്ള വികസനപദ്ധതികളുടെ നടപടികൾ ആരംഭിക്കും. ശബരിമലയിലും തീർത്ഥാടകർ സഞ്ചരിക്കുന്ന പാതകളിലും കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം കേരളത്തിലെ മറ്റ് പ്രധാന ക്ഷേത്രങ്ങളെക്കൂടി ബന്ധിപ്പിച്ചുള്ള തീർത്ഥാടന ടൂറിസം ശൃംഖല വികസിപ്പിക്കാനും പദ്ധതിയുണ്ട്.

സിയാലിനെ ഏഷ്യയിലെ മികച്ച വിമാനത്താവളങ്ങളിലൊന്നാക്കി മാറ്റുന്നതിനുള്ള വികസന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനൊപ്പം അന്താരാഷ്ട്ര സമ്മേളനങ്ങൾ സംഘടിപ്പിക്കാനാവശ്യമായ സൗകര്യങ്ങളോടെ ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

വിമാനത്താവള വികസനത്തിന്റെ പ്രയോജനം സമീപപ്രദേശങ്ങളിലെ ജനങ്ങൾക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമീപ പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക്  തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രത്യേക പരിഗണന നൽകും. പ്രാദേശിക ജനങ്ങളുടെ ജീവിതത്തിലും ഗുണപരമായ മാറ്റമുണ്ടാകുമ്പോഴാണ് വികസനം അർഥവത്താകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ചടങ്ങിൽ ബെന്നി ബെഹനാൻ എം പി അധ്യക്ഷനായി. അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ്, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യൻ പോൾ, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസി ഡേവിസ്, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജേർളി കപ്രശ്ശേരി, സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ്, എയർപോർട്ട് ഡയറക്ടർ ജി മനു എന്നിവരും പങ്കെടുത്തു.

date