പള്ളിപ്പുറം കോട്ടയ്ക്ക് മുന്നിൽ വിനോദവിസ്മയം; കായൽക്കരയിൽ വാട്ടർ ഫ്രണ്ട് വാക്ക് വേ ഒരുങ്ങുന്നു
പൈതൃകവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന പള്ളിപ്പുറത്തിന് പുതിയ വിനോദസഞ്ചാര മുഖമൊരുക്കാൻ മുസിരിസ് പദ്ധതിയുടെ ഭാഗമായി വാട്ടർ ഫ്രണ്ട് വാക്ക് വേ വരുന്നു. ചരിത്രപ്രസിദ്ധമായ പള്ളിപ്പുറം കോട്ടയുടെ മുൻവശം മുതൽ മഞ്ഞുമാതാ പള്ളിക്ക് മുന്നിൽ വരെ നീളുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആകർഷകമായ ഇടമായി പ്രദേശത്തെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
പള്ളിപ്പുറം കോട്ടയുടെ മുൻവശത്ത് മനോഹരമായ പാർക്ക്, ഓപ്പൺ ജിം, ലൈറ്റ് ഷോ ഉൾപ്പെടെയുള്ള വിനോദ സംവിധാനങ്ങൾ, ഇരിപ്പിടങ്ങൾ, ആകർഷകമായ ലൈറ്റിംഗ് സൗകര്യങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. ചരിത്രസ്മാരകത്തിന്റെ പ്രാധാന്യവും കായൽക്കരയുടെ പ്രകൃതിഭംഗിയും പ്രയോജനപ്പെടുത്തി തദ്ദേശീയർക്കും സന്ദർശകർക്കും ഒരുപോലെ സമയം ചെലവഴിക്കാവുന്ന വിനോദകേന്ദ്രമാക്കി പ്രദേശത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി കിയോസ്കുകൾ സ്ഥാപിക്കുകയും അവയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് വികസിപ്പിക്കുന്ന സൗകര്യങ്ങളുടെ തുടർപരിപാലനം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് മുസിരിസ് പദ്ധതി നടപ്പാക്കുന്നത്.
- Log in to post comments