ചതുരക്കിണര്‍- വാണിദാസ് റോഡ് അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കും: ടി ഒ മോഹനന് എംഎല്‍എ
ചതുരക്കിണര്‍-എളയാവൂര് വയല്‍- വാണിദാസ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. റോഡ് അറ്റകുറ്റപ്പണി അടിയന്തരമായി ആരംഭിക്കുമെന്ന് അഡ്വ. ടി.ഒ. മോഹനന് എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ലോക്കല്‍ റോഡ് റീബില്‍ഡ് പ്രോജക്ട് ഫണ്ടില്‍നിന്ന് അനുവദിച്ച 35 ലക്ഷം രൂപയ്ക്ക് കരാര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രവൃത്തി നീണ്ടുപോയത്. ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എ, റോഡ് പ്രവൃത്തി ആരംഭിക്കുന്നതിനായി പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
എസ്റ്റിമേറ്റ് ലഭിച്ചാലുടന്‍ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുമെന്നും തുക വര്‍ധിപ്പിക്കുന്നതോടെ പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും എം.എല്‍.എ പറഞ്ഞു. റോഡ് ടാറിങ്ങിന് പുറമെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ചെയ്യുകയും വീതി കുറഞ്ഞ ഭാഗങ്ങളില്‍ ആവശ്യത്തിന് വീതി കൂട്ടുകയും ചെയ്ത് ഗതാഗതം സുഗമമാക്കുന്ന രീതിയിലായിരിക്കും നിര്‍മാണം. വാര്‍ഡ് കൗണ്‍സിലര്‍ ബിസ്മില്ല ബീവി, കോര്പ്പറേഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ധന്യ രവി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജാക്സണ് ജോസഫ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി ഷജില്‍, ലക്ഷ്മണന് തുണ്ടിക്കോത്ത് തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.
- Log in to post comments