പട്ടിക്കാട് റെയിൽവെ ഗേറ്റ് അടച്ചിട്ടതുമൂലമുള്ള ഗതാഗതപ്രശ്നം: എം.എൽ.എമാരുടെ നേതൃത്വത്തിൽ 22-ന് സ്ഥലം സന്ദർശിക്കും
പട്ടിക്കാട് റെയിൽവെ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് റെയിൽവെ ഗേറ്റ് അടച്ചിട്ടതിനെത്തുടർന്നുണ്ടായ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി എം.എൽ.എമാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ധാരണ. ഇതുസംബന്ധിച്ച് എ.ഡി.എം പി.ഒ സാദിഖിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗത്തിലാണ് തീരുമാനമായത്. എം.എൽ.എമാരായ അഡ്വ. എം. റഹ്മത്തുള്ള, നജീബ് കാന്തപുരം എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം നവംബർ 22-ന് ഞായറാഴ്ച രാവിലെ ഒമ്പതിന് സ്ഥലം സന്ദര്‍ശിക്കും.
റെയിൽവെ ഗേറ്റ് അടച്ചതുമൂലം പ്രദേശവാസികളും യാത്രക്കാരും വ്യാപാരികളും നേരിടുന്ന യാത്രാക്ലേശം, ബസ് സർവീസുകളിലെ തടസ്സങ്ങൾ, ഗതാഗത നിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. മേൽപ്പാല നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം ജനങ്ങളുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ട് വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ യോഗത്തിൽ ധാരണയായി.
യോഗത്തിൽ എം.എൽ.എമാരായ അഡ്വ. എം. റഹ്മത്തുള്ള, നജീബ് കാന്തപുരം, റെയിൽവെ ഉദ്യോഗസ്ഥർ, നിർമ്മാണ കരാറേറ്റെടുത്ത യു.എൽ.സി.സി പ്രതിനിധികൾ, ജനകീയ സമിതി ഭാരവാഹികൾ, സ്ഥലവുടമകൾ, വ്യാപാരികൾ, സ്വകാര്യ ബസ് ഉടമകൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments