മാലിന്യ ശേഖരണം: നിലമ്പൂരിൽ ഹരിതകർമസേനയ്ക്ക് 20,000 ചാക്കുകൾ വിതരണം ചെയ്തു
നിലമ്പൂർ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകർമസേനയുടെ മാലിന്യശേഖരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 20,000 മാലിന്യശേഖരണ ചാക്കുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പി.വി അബ്ദുൽ വഹാബ് എം.പി നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് അധ്യക്ഷയായി.
പദ്ധതിയുടെ ഭാഗമായി ചാക്കുകൾ വാങ്ങുന്നതിനായി നഗരസഭ 3,57,600 രൂപയാണ് ചെലവഴിച്ചത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സുരക്ഷിതമായും ചിട്ടയായും കൈകാര്യം ചെയ്യുന്നതിനും ഹരിതകർമസേനയുടെ ശേഖരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും പദ്ധതി സഹായകമാകും. നഗരസഭയുടെ മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതിനും ഹരിതകർമസേനയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതി നഗരത്തിലെ ശുചിത്വ-മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ സുപ്രധാന ചുവടുവെപ്പാകും.
ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ഷൗക്കത്തലി കൂമഞ്ചേരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ മേരീസ് ഷിബു, മുസ്തഫ കളത്തുംപടിക്കൽ, മുംതാസ് ബാബു, സുരേഷ് പാത്തിപ്പാറ, സ്മിത മോൾ, കൗൺസിലർമാരായ ഇസ്ഹാഖ് അടുക്കത്ത്, ഷെഫീഖ് മണലോടി, എ.ടി ഫ്രാൻസിസ്, റജീന നൗഷാദലി, റസിയ അള്ളാംപാടം, കെ. പ്രഭ, വിജയലക്ഷ്മി, ടി. ഹാജറ, പത്മിനി ലോകനാഥ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എ രേഷ്മ, പി. സൂസൻ പോൾ, കെയർടേക്കർ ഷിബു പാടിക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments