Skip to main content

ഭിന്നശേഷിക്കാർക്ക് കരുതലായി ജില്ലാ ഭരണകൂടം; ലീഗൽ ഗാർഡിയൻഷിപ്പ് പദ്ധതിയുടെ ആദ്യഘട്ട സർവേ ഡിസംബറിൽ ആരംഭിക്കും*

 

 

 

തൃശ്ശൂർ ജില്ലാ ഭരണകൂടം ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കുന്ന 'നാഷണൽ ട്രസ്റ്റ് ആക്ട്' പ്രകാരമുള്ള ലീഗൽ ഗാർഡിയൻഷിപ്പ് (നിയമപരമായ രക്ഷാകർതൃത്വം) പദ്ധതിയുടെ ആദ്യഘട്ട സർവേ ഡിസംബർ ആദ്യവാരം ആരംഭിക്കും. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കും.

 

ഓട്ടിസം, സെറിബ്രൽ പാൾസി, ഇന്റലക്ച്വൽ ഡിസെബിലിറ്റി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നീ വിഭാഗങ്ങളിൽപ്പെടുന്നവരുടെ കൃത്യമായ കണക്കെടുക്കാനും അവർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയിലെ സമ്പൂർണ്ണ കവറേജ് ഉറപ്പാക്കുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. എന്തെങ്കിലും ആവശ്യം വരുമ്പോൾ മാത്രം ആളുകൾ വരുന്നത് ഒഴിവാക്കി, അർഹരായ എല്ലാവരെയും സർവേയിലൂടെ കണ്ടെത്തി പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (NIC) തൃശൂർ വികസിപ്പിച്ചെടുത്ത പ്രത്യേക ഗൂഗിൾ ഫോം വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.

 

 മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലയിലെ എൻ.എസ്.എസ് വോളന്റിയർമാർ, കോളേജുകളിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ വീടുകൾ കയറി വിശദമായ സർവേ നടത്തും. ഭിന്നശേഷിക്കാർക്ക് ആധാർ കാർഡ്, യു.ഡി.ഐ.ഡി കാർഡ് എന്നിവ ഉണ്ടോ എന്നും മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്തൊക്കെയാണെന്നും സർവേയിൽ പരിശോധിക്കും. 

 

രണ്ടാം ഘട്ടത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും യു.ഡി.ഐ.ഡി കാർഡ് ഇല്ലാത്തവർക്ക് അത് ലഭ്യമാക്കുകയും ചെയ്യും. മൂന്നാം ഘട്ടത്തിൽ നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള 'ലീഗൽ ഗാർഡിയൻഷിപ്പ്' നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

 

 

18 വയസ്സ് പൂർത്തിയാകുന്ന ഭിന്നശേഷിക്കാരായ വ്യക്തികളുടെ നിയമപരവും സാമ്പത്തികവുമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ജില്ലാ കളക്ടർ ചെയർമാനായ സമിതി വഴി നിയമപരമായ രക്ഷിതാവിനെ നിശ്ചയിച്ചു നൽകുന്ന പദ്ധതിയാണിത്. 

 

യോഗത്തിൽ പ്ലാനിങ് വകുപ്പിലെ ഉദ്യോഗസ്ഥർ, എൽ.എസ്.ജി.ഡി  ജോയിന്റ് ഡയറക്ടർ, സാമൂഹിക സുരക്ഷാ മിഷൻ ജില്ലാ കോർഡിനേറ്റർ, ജില്ലാ പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് പ്രതിനിധികൾ, വിവിധ കോളേജുകളിലെ സോഷ്യൽ വർക്ക് വിഭാഗം മേധാവികൾ, എൻ.എസ്.എസ് കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

 

date