*ഭക്ഷ്യധാന്യ വിതരണത്തിന് സപ്ലൈകോ താത്കാലിക ടെണ്ടർ ക്ഷണിച്ചു*
തൃശ്ശൂർ താലൂക്കിലെ റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനും വിട്ടെടുക്കുന്നതിനുമായി സപ്ലൈകോ തൃശ്ശൂർ ഡിപ്പോ ട്രാൻസ്പോർട്ടിങ് കോൺട്രാക്ടർമാരിൽ നിന്നും താത്കാലിക ടെണ്ടർ ക്ഷണിച്ചു. കുരിയച്ചിറ പി.ഡി.എസ് ഡിപ്പോ, കുളങ്ങാട്ടുകര ഗോഡൗൺ എന്നീ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനും എഫ്.സി.ഐ, വിവിധ സി.എം.ആർ മില്ലുകൾ എന്നിവിടങ്ങളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വിട്ടെടുക്കുന്നതിനുമാണ് കരാർ. ദൂരം കണക്കാക്കിയുള്ള ഓരോ സ്ലാബിലും ഉൾപ്പെടുന്ന റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനുള്ള ക്വിന്റൽ നിരക്കും, എഫ്.സി.ഐ, സി.എം.ആർ മില്ലുകളിൽ നിന്നുള്ള വിട്ടെടുപ്പിന്റെ ക്വിന്റൽ നിരക്കും ടെൻഡർ ഫോമിൽ പ്രത്യേകം രേഖപ്പെടുത്തണം. ടെണ്ടർ ഫോമും കരാർ വ്യവസ്ഥകളും കുരിയച്ചിറ ഷൈജ ആർക്കേഡ് രണ്ടാം നിലയിലുള്ള തൃശ്ശൂർ സപ്ലൈകോ ഡിപ്പോ കാര്യാലയത്തിൽ ലഭ്യമാണ്. ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള ടെണ്ടറുകൾ നവംബർ 23-ന് രാവിലെ 11 വരെ തൃശ്ശൂർ ഡിപ്പോ കാര്യാലയത്തിൽ സ്വീകരിക്കും. ഫോൺ- 0487-2260017, 9447975257 .
- Log in to post comments