സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം; കലോത്സവ വേദികൾക്ക് പേരായി
47-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന്റെ വേദികൾക്ക് കണ്ണൂരിന്റെ കലാ-സാംസ്കാരിക ചരിത്രവും പൈതൃകവും വിളിച്ചോതുന്ന പേരുകൾ തെരഞ്ഞെടുത്തു. വേദികളുടെ പേരുകൾ നിർദേശിക്കുന്നതിന് സംസ്ഥാനതലത്തിൽ മത്സരാടിസ്ഥാനത്തിൽ പേരുകൾ ക്ഷണിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ വി പുരുഷോത്തമൻ നിർദേശിച്ച പേരുകളാണ് തെരഞ്ഞെടുത്തത്.കണ്ണൂർ ജില്ലക്കാരായ പ്രമുഖ സാഹിത്യകാരന്മാരുടെ ശ്രദ്ധേയമായ സാഹിത്യ സൃഷ്ടികളുടെ പേരുകളാണ് വേദികൾക്കായി കണ്ടെത്തിയത്. ദേശീയ അധ്യാപക അവാർഡ് ജേതാവും പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ മാണിക്കോത്ത് ചെയർമാനായ ജൂറിയാണ് പേരുകൾ തെരഞ്ഞെടുത്തത്. തത്വമസി, രാജസഭ,നിറപറ, ഒഥല്ലോ,ആത്രേയകം,ഗൗരി, പത്തേമാരി,മിഥുനം, ഇന്ദുലേഖ, നൈവേദ്യം എന്നിവയാണ് വേദികൾക്കായി തെരഞ്ഞെടുത്ത പേരുകൾ. നവംബർ 27, 28, 29 തീയതികളിൽ തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 1500 കലാപ്രതിഭകൾ 10 വേദികളിലായി മാറ്റുരയ്ക്കും.
- Log in to post comments