ഡെങ്കിപ്പനി പ്രതിരോധം: ആക്രിക്കടകളിലും നിർമാണ മേഖലകളിലും പ്രത്യേക ജാഗ്രത വേണം
ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ തടയുന്നതിനായി ആക്രിക്കട ഉടമകളും കെട്ടിടനിർമാണ മേഖലയിലെ ഉടമകളും കരാറുകാരും പ്രത്യേക ജാഗ്രത പുലർത്താൻ നിർദേശം. മഴവെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ പെരുകാനുള്ള സാഹചര്യം കൂടുതലായതിനാൽ ഉറവിടനശീകരണത്തിന് മുൻഗണന നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ആക്രിക്കടകളിലും പഴയ വാഹനങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും ടയർ കടകളിലും ഉപയോഗശൂന്യമായ വസ്തുക്കളിൽ വെള്ളം കെട്ടിനിൽക്കാത്ത വിധം ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. ഇവ അടുക്കിവയ്ക്കുകയോ കമഴ്ത്തി സൂക്ഷിക്കുകയോ സുരക്ഷിതമായി മൂടിവയ്ക്കുകയോ വേണം. മൂടുന്നതിനായി ഉപയോഗിക്കുന്ന ഷീറ്റുകളിൽ മഴവെള്ളം തങ്ങിനിൽക്കുന്നില്ലെന്നും ഉറപ്പാക്കണം.
നിർമാണ സ്ഥലങ്ങളിൽ സിമന്റ് ചാക്കുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ബക്കറ്റുകൾ, ടിന്നുകൾ, മറ്റ് പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. കെട്ടിടങ്ങളുടെ ടെറസ്, ബാൽക്കണി, ലിഫ്റ്റ് കുഴികൾ, അടിത്തറക്കുഴികൾ, തൂണുകൾക്കായുള്ള കുഴികൾ എന്നിവിടങ്ങളിലും വെള്ളം സംഭരിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
നിർമാണ ആവശ്യങ്ങൾക്കായി വെള്ളം സൂക്ഷിക്കുന്ന ടാങ്കുകളും മറ്റ് സംഭരണികളും അടച്ചുസൂക്ഷിക്കണം. ഇവ ആഴ്ചയിലൊരിക്കലെങ്കിലും ഉരച്ചുകഴുകി വൃത്തിയാക്കി വെള്ളം മാറ്റണം. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഉറപ്പാക്കുകയും ഓടകളും ചാലുകളും തടസമില്ലാതെ സൂക്ഷിക്കുകയും വേണം.
ഡെങ്കിപ്പനി പ്രതിരോധ മാർഗങ്ങളെക്കുറിച്ചും കൊതുകുകളുടെ പ്രജനന ഉറവിടങ്ങൾ ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും തൊഴിലാളികൾക്ക് ബോധവത്ക്കരണം നൽകണമെന്നും നിർമാണ സ്ഥലങ്ങളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിച്ച് സമഗ്രമായ ശുചീകരണവും ഉറവിടനശീകരണവും നടത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശത്തിൽ പറയുന്നു.
- Log in to post comments