കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ പരീക്ഷാഫലം പ്രഖ്യാപിച്ചു
സംസ്ഥാന സർക്കാരിന്റെ ഐ ആൻഡ് പി ആർ ഡിയുടെ സ്വയംഭരണ സ്ഥാപനമായ കാക്കനാട് കേരള മീഡിയ അക്കാദമി നടത്തിയ ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിന്റെ മൂന്നാമത് ബാച്ചിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശി കെ. ചാരുകേശ് ഒന്നാം റാങ്ക് നേടി. കൊല്ലറയ്ക്കൽ വീട്ടിൽ ചന്ദ്രന്റെയും ആശാദേവിയുടെയും മകനായ ചാരുകേശ് മ്യൂസിക് പ്രൊഡ്യൂസർ, റാപ്പർ, ഡി.ജെ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
രണ്ടാം റാങ്ക് രഞ്ജിത്ത് പൂമുറ്റവും വീണ വിജയനും പങ്കിട്ടു. തലശ്ശേരി പാലയാട് സ്വദേശിയായ രഞ്ജിത്ത് പൂമുറ്റം കെ. ഭരതന്റെയും എം.കെ. സത്യഭാമയുടെയും മകനാണ്. ബി.എസ്.എൻ.എല്ലിൽ കൊമേഴ്‌സ്യൽ ഓഫീസറായി ജോലി ചെയ്തിരുന്ന അദ്ദേഹം വി.ആർ.എസ് എടുത്ത ശേഷമാണ് കോഴ്‌സിൽ ചേർന്നത്. നിരവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത് അംഗീകാരങ്ങൾ നേടിയിട്ടുള്ള രഞ്ജിത്ത് 'ദീപ്തം' എന്ന ഫീച്ചർ ഫിലിമിന്റെ തിരക്കഥാകൃത്തുമാണ്. ചാലക്കുടി സ്വദേശിനിയായ വീണ വിജയൻ വട്ടുകളത്തിൽ വി.ആർ. വിജയന്റെയും വിജയലക്ഷ്മിയുടെയും മകളാണ്. ജേണലിസം അധ്യാപിക, സ്റ്റോറി ടെല്ലർ, വോയ്‌സ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
മൂന്നാം റാങ്ക് ഡീന തങ്കച്ചനും ഷിജി എ.കെ.യും പങ്കിട്ടു. തൊടുപുഴ കള്ളിക്കാട്ട് കെ.എസ്. തങ്കച്ചന്റെയും ഏലിയാമ്മയുടെയും മകളായ ഡീന ഫ്രീലാൻസ് അവതാരകയും എൻജിനീയറിങ് പ്രൊഫഷണലുമാണ്. കണ്ണൂർ ചാലോട് പുത്തൻവീട്ടിൽ എ.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും ടി.വി. വിലാസിനിയുടെയും മകനായ ഷിജി സംഗീതസംവിധായകനും സൗണ്ട് ആർട്ടിസ്റ്റുമായി പ്രവർത്തിക്കുന്നു. ഫെഫ്ക അംഗം കൂടിയാണ്.
ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9446541964, 0484 2422275 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വിലാസം: സെക്രട്ടറി / കോഴ്‌സ് ഡയറക്ടർ, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682030.
ഇമെയിൽ: keralamediaacademy.gov@gmail.com
- Log in to post comments